കൊച്ചി : മോൻസൺ മാവുങ്കൽ ഭൂമി തട്ടിപ്പ് കേസിലും പ്രതി. വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാല സ്വദേശി രാജീവ് ശ്രീധരനിൽ നിന്ന് ഇങ്ങനെ ഇയാൾ തട്ടിയെടുത്തത് 1.72 കോടി രൂപയാണ്. കേസിൽ ക്രൈം ബ്രാഞ്ച് മോൻസണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
ആദ്യം 26 ലക്ഷം രൂപയാണ് മോൻസൺ വാങ്ങിയതെന്ന് രാജീവ് ശ്രീധരൻ പറയുന്നു. ഇത് പല തവണയായി വാങ്ങിയതാണ്. പിന്നീട് ഡൽഹിയിലെ ആവശ്യത്തിനായി വീണ്ടും പണം വാങ്ങി. വീണ്ടും പല ആവശ്യങ്ങൾ പറഞ്ഞ് പലതവണ പണം തട്ടി. ആദ്യം നൽകിയ 26 ലക്ഷം രൂപ തിരികെ ലഭിക്കാൻ വീണ്ടും പണം നൽകി എന്നും രാജീവ് ശ്രീധരൻ പറയുന്നു.
ബീനാച്ചി എസ്റ്റേസ്റ്റിലെ ഭൂമി പാട്ടത്തിനെടുത്ത് നൽകാമെന്നവകാശപ്പെട്ടാണ് മോൻസൺ പണം തട്ടിയത്. മധ്യപ്രദേശ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു ഇത്. കേരള സർക്കാരുമായി പലതവണ നിയമയുദ്ധം നടന്നിട്ടുള്ള സ്ഥലമാണ് ഇത്. അടുത്തിടെയാണ് മധ്യപ്രദേശ് സർക്കാർ ഇത് കേരളത്തിനു വിട്ടുനൽകിയത്.
ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകീട്ടോടെയാണ് മോൻസണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചത് മൂന്ന് ദിവസത്തേക്കാണ്. കസ്റ്റഡി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
മോൻസണിസന്റെ ബാങ്ക് ഇടപാടുകൾ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ പുരാവസ്തുക്കൾക്ക് എങ്ങിനെ ഇയാൾ രേഖകൾ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷം കൂടുതൽ പേരെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
ഇന്നലെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് മോൻസൺ മാവുങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോൻസണിന്റെ കൊവിഡ് പരിശോധനാഫലം പൂർത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേനയാണ് മോൻസൺ മാവുങ്കൽ പലരിൽ നിന്നായി കോടികൾ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്.