ഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നുവെന്ന് ഐസിഎംആർ റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ വീണ്ടും ശുപാർശ നൽകിയിട്ടുണ്ട്. ചൈനയിൽ നിന്ന് ദ്രുതപരിശോധന കിറ്റുകൾ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകൾ വാങ്ങാനാണ് ചൈനയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം കൊവിഡിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയിൽ ഇതുവരെ 2,44,893 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാത്രം 3286 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ 10,815 പേർക്കാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കർണാടകത്തിൽ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിൽ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്രാപ്രദേശിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം ഒൻപതായി. തെലങ്കാനയിൽ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.