ന്യൂഡൽഹി : മേയ് 11 – 15 ആകുമ്പോഴേക്കും ഇന്ത്യയിൽ സജീവ രോഗികളുടെ എണ്ണം 33–35 ലക്ഷം ആകുമെന്ന് വിദഗ്ധർ. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ സജീവ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ഈ നിഗമനം വ്യക്തമാക്കുന്നത്. ഇന്ന് 22.91 ലക്ഷമാണ് സജീവരോഗികൾ. ഐഐടി കാൺപുരിലെ മനീന്ദ്ര അഗ്രവാളും സംഘവുമാണ് ഈ മോഡൽ പ്രവചനത്തിനു പിന്നിൽ പ്രവർത്തിച്ചത്.
അതേസമയം വിദഗ്ധരുടെ ഈ നിഗമനത്തെ മുന്നറിയിപ്പായി കണ്ട് രാജ്യം നയം രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആരോഗ്യ രംഗത്തെ സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജമാക്കി തയ്യാറായിരിക്കണമെന്നാണ് ആവശ്യം.
ഏപ്രിൽ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളിൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പുതിയ കേസുകളിൽ വൻ വർധന കാണിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. മേയ് 1–5 ദിവസങ്ങളിൽ ഒഡീഷ, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലും മേയ് 6–10 ദിവസങ്ങളിൽ തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുതിപ്പ് കാണിക്കും. ഏപ്രിൽ 25ഓടുകൂടി മഹാരാഷ്ട്രയും ഛത്തിസ്ഗഢും ഈ സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ടാകുമെന്നും ബിഹാറും ഉടൻ എത്തുമെന്നുമാണ് നിഗമനം. മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളെക്കൂടി ട്രാക്ക് ചെയ്തിട്ടുണ്ടെങ്കിലും അതു ഇപ്പോൾ ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടില്ല.