തൃശൂര്‍ : പുലിക്കളി ട്രോഫി അനുവാദമില്ലാതെ കൊണ്ടുപോയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ തങ്ങളോട് വിശദീകരണം തേടിയെന്ന മേയറുടെ വാദം തെറ്റാണെന്ന് സീതാറാം മില്‍ ദേശം ജനറല്‍ കണ്‍വീനര്‍ എ കെ സുരേഷ്. ഇതേക്കുറിച്ചുള്ള യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത്. പുലിക്കളി വേണ്ട എന്ന് കോര്‍പ്പറേഷന്‍ ഏകപക്ഷീയമായി തീരുമാനിച്ചത് മുതല്‍ അവരുടെ കണ്ണിലെ കരടാണ് സീതാറാം ദേശമെന്നും എ കെ സുരേഷ് പറഞ്ഞു. തൃശൂര്‍ പൂരം പോലെ പുലിക്കളിയേയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദു:ഖകരമാണ്. മേയര്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സീതാറാം മില്‍ ദേശത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം കുപ്രചാരണങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സുരേഷ് വ്യക്തമാക്കി.
പുലിക്കളി നടത്തുന്നതിന് മുഴുവന്‍ സംഘങ്ങളേയും കൂട്ടി യോജിപ്പിച്ച് മുന്‍പന്തിയില്‍ നിന്നതിനാല്‍ തങ്ങള്‍ക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധയും ജനകീയതയും ലഭിച്ചെന്നത് യാഥാര്‍ഥ്യമാണെന്ന് സീതാറാം മില്‍ ദേശം അവകാശപ്പെട്ടു. എന്നാല്‍ പുലിക്കളി നടത്താൻ നടത്തിയ നീക്കങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി തര്‍ക്കങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇത് ഫലപ്രഖ്യാപനത്തില്‍ പ്രതിഫലിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. സാധാരണ പുലിക്കളിക്ക് പുരാണം, സമകാലികം എന്നീ രണ്ട് ടാബ്ലോകളും ഒരു പുലിവണ്ടിയുമാണ് പതിവ്. കഴിഞ്ഞ വര്‍ഷം സമകാലിക ടാബ്ലോ മാറ്റി കോര്‍പ്പറേഷന്‍ നിര്‍ദേശ പ്രകാരം ഹരിതം വിഷയമാക്കിയ ടാബ്ലോ ആയിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒരു ടാബ്ലോയും പുലിവണ്ടിയും മതി എന്ന തീരുമാന പ്രകാരം ഹരിതം ഒഴിവാക്കി. അതുകൊണ്ടാണ് പുരാണം ആസ്പദമാക്കി മികച്ച രീതിയില്‍ ടാബ്ലോ തയ്യാറാക്കിയത്. എന്നാല്‍ പുരാണ വിഷയമാണ് എന്ന കാരണം പറഞ്ഞ് സമകാലികത്തിന് സമ്മാനം നല്‍കുകയായിരുന്നുവെന്ന് സീതാറാം മില്‍ ദേശം വിശദീകരിക്കുന്നു.