പത്തനംതിട്ട : സര്‍ക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച മേപ്രാല്‍ ഗവ. സെന്റ് ജോണ്‍സ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഫലങ്ങള്‍ ജനങ്ങളില്‍ എത്തിച്ചേരുന്നതിന്റെ കാഴ്ചയാണ് നിയോജക മണ്ഡലത്തിലെ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മേപ്രാല്‍ ഗവ. സെന്റ് ജോണ്‍സ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
മെച്ചപ്പെട്ട സ്‌കൂളുകള്‍ നല്‍കുന്നതിനൊപ്പം കൃത്യസമയത്ത് പുസ്തകം, യൂണിഫോം വിതരണം, അധ്യാപക നിയമനം തുടങ്ങിയ സൗകര്യം ഒരുക്കിയതിലൂടെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. തിരുവല്ല നിയോജ മണ്ഡലത്തില്‍ നടപ്പാക്കിയ ഒരു സ്‌കൂളിന് ഒരു സ്മാര്‍ട്ട് ക്ലാസ് എന്ന ആശയം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപസമിതിയില്‍ പങ്കുവച്ചതിലൂടെയാണ് എട്ടാം ക്ലാസ് മുതല്‍ സ്മാര്‍ട്ട് ക്ലാസ് റൂം എന്ന വലിയ ആശയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കിയതെന്നും എംഎല്‍എ പറഞ്ഞു.
പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍, ബ്ലോക്ക് പഞ്ചയത്ത് അംഗം സോമന്‍ താമരച്ചാലില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണുനമ്പൂതിരി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഭദ്ര രാജന്‍, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ എബ്രഹാം, വാര്‍ഡ് മെമ്പര്‍മാരായ എം.സി. ഷൈജു, സൂസന്‍ വര്‍ഗീസ്, പത്തനംതിട്ട ഡിഡിഇ കെ.എസ്. ബീനാ റാണി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍, പത്തനംതിട്ട എസ്എസ്‌കെ ഡിപിസി ഡോ. ലെജു പി തോമസ്, തിരുവല്ല ഡിഇഒ പി.ആര്‍. പ്രസീന, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, തിരുവല്ല എഇഒ വി.കെ. മിനികുമാരി, ബിപിസി റോയി റ്റി. മാത്യു, പ്രഥമാധ്യാപിക എസ്. റീജാമോള്‍, സീനിയര്‍ അധ്യാപിക ഷിജു പി. ചാക്കോ, മുന്‍ പ്രഥമാധ്യാപിക പി.വി. സുജാത, പിടിഎ പ്രസിഡന്റ് ചാക്കോ മാത്യു, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എസ്‌കെ എഞ്ചിനീയര്‍ റാഹിലാ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂര്‍വ അധ്യാപകര്‍ക്കുള്ള ആദരവും അനുമോദനവും യോഗത്തില്‍ നടന്നു.