മാഹി : മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണി വരെ തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തലശ്ശേരി വാതകശ്മശാനത്തിലാണ് സംസ്‌കാരം. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍.
ഫ്രഞ്ച് മയ്യഴിയിലെ പ്രമുഖമായ മംഗലാട്ട് തറവാട്ടില്‍ ചന്തുവിന്റെയും, കുഞ്ഞിപ്പുരയില്‍ മാധവിയുടെയും മകനായി 1921 സെപ്തംബര്‍ 20ന് ജനിച്ചു. മംഗലാട്ട് രാഘവന്‍ മാഹി പുത്തലം ക്ഷേത്രാങ്കണത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കോളനി വത്കരണത്തിനെതിരെ പോരാടിയ ‘യൂന്യോം അമിക്കാല്‍ ‘ എന്ന പുരോഗമന യുവജന സംഘടനയില്‍ മംഗലാട്ട് സജീവ സാന്നിധ്യമായി.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി വേളയില്‍ ഇദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിന്റെ താമ്രപത്രം ലഭിച്ചിരുന്നു. മലയാളത്തിലെ ബാലഭാഷ, വിക്ടര്‍ യൂഗോവും, ബാലാമണിയമ്മയും എന്നീ മൗലീക പഠനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഫ്രഞ്ച് കവിതകള്‍, വിക്ടര്‍ യൂഗോവിന്റെ കവിതകള്‍, ഫ്രഞ്ച് പ്രണയഗീതങ്ങള്‍ എന്നിവയും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.