തിരുവനന്തപുരം : വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ എസ് എഫ് ഐയുടെ ശുഭ്രപതാകയേന്തി രാഷ്ട്രീയത്തിലേക്ക് ഇടതുകാല്‍ വെച്ചു കയറിയ എം ബി രാജേഷ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ തീപ്പൊരി നേതാവായിരുന്നു. പിന്നീട് ഡി വൈ എഫ് ഐയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ തീപ്പൊരി നേതാവ് പാര്‍ട്ടിയുടെ ബുദ്ധിജീവി വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗത്തിലും മറ്റ് യുവ കമ്യൂണിസ്റ്റ് നേതാക്കളില്‍ നിന്നും വ്യത്യസ്തമായി എം ബി രാജേഷ് ഗൗരവവും അച്ചടക്കവും സംസാരത്തിലും പ്രവര്‍ത്തിയിലും കാത്തുസൂക്ഷിച്ചു. എത്ര പ്രയാസമേറിയ വിഷയവും സാധാരണക്കാരന് മനസിലാകുന്ന തരത്തില്‍ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവ് ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹത്തെ സി പി എമ്മിന്റെ മുഖമാക്കി മാറ്റുകയായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മാറി ദേശീയ തലത്തില്‍ സി പി എമ്മിന്റെ നാവായി രാജേഷിനെ നിയോഗിക്കുവാനാണ് പാര്‍ട്ടി എല്ലായ്‌പ്പോഴും താത്പര്യം കാട്ടിയത്. രണ്ട് തവണ എം ബി രാജേഷ് പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തി. പാര്‍ലമെന്റിലും യുവ എം പിമാരില്‍ എം ബി രാജേഷിന്റെ പ്രവര്‍ത്തനം വേറിട്ടുനിന്നു. ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ അദ്ദേഹത്തിനായി. സ്വകാര്യവത്കരണമടക്കമുള്ള വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് ആശയങ്ങളുടെ എതിര്‍പ്പിന്റെ ശബ്ദം അദ്ദേഹം ഉയര്‍ത്തി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞടിച്ച ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ് പാലക്കാട്ടെ ഇടത് കോട്ടയ്ക്ക് ഇളക്കം സംഭവിച്ചത്. ഒരു പക്ഷേ ഈ തോല്‍വിയാണ് എം ബി രാജേഷിന് നിമിത്തമായതെന്നും പറയാം. തൃത്താലയെ മൂന്ന് വട്ടമായി കുത്തകയാക്കിയ വി ടി ബല്‍റാം എന്ന കരുത്തനെ തളയ്ക്കുവാനാണ് എം ബി രാജേഷിനെ പാര്‍ട്ടി നിയോഗിച്ചത്. തൃത്താലയില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 2750 വോട്ടുകള്‍ക്കാണ് എം ബി രാജേഷ് വിജയിച്ചത്.
ജയിച്ചു കയറിയ കന്നി മത്സരത്തില്‍ നിയമസഭയിലേക്ക് പ്രവേശിക്കുന്ന എം ബി രാജേഷിന്റെ ഇരിപ്പിടം ബാക്കി എല്ലാ എം എല്‍ എമാര്‍ക്കും മുകളിലാണ് എന്നതാണ് വസ്തുത. ലോക്സഭയിലെ സഭാനടപടികള്‍ നേരിട്ടുകണ്ട ഒരു ദശാബ്ദത്തിന്റെ അനുഭവവും, സ്വതവേയുള്ള ഗൗരവത്താലും കേരളത്തിന് മികച്ച ഒരു സ്പീക്കറെ എം ബി രാജേഷിലൂടെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രാജേഷ് എസ്‌എഫ്‌ഐ കേരള സംസ്ഥാന സമിതിയുടെ പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. എസ് എഫ് ഐ കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായി. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഡി വൈ എഫ് ഐ യുടെ മുഖപത്രം ‘യുവധാര’ യുടെ മുഖ്യ പത്രാധിപരായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയില്‍നിന്ന് എല്‍എല്‍ബി ബിരുദവും നേടിയിട്ടുണ്ട്. സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ ചെയര്‍പേഴ്സനുമായ ആര്‍. നിനിതയാണ് രജേഷിന്റെ ഭാര്യ.