കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ റോഡ് മങ്ങാട്ടുപറമ്പില്‍ സുനില്‍ കുമാറിന്റെ മകന്‍ എം.എസ് ശരത്തിനെയാണ് കോളേജ് ക്യാമ്പസിലെ റോഡരികില്‍ ഇന്ന് വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വഴിയാത്രക്കാരാണ് ഒരു വിദ്യാര്‍ത്ഥി വീണു കിടക്കുന്നത് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ എടുത്ത് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. എന്നാല്‍ പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മുഖത്ത് മുറിവേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും ആശുപത്രി സൂപ്രണ്ടും അത്യാഹിത വിഭാഗത്തിലെത്തി. മരണകാരണം അറിവായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടോ സ്വാഭാവിക മരണമാണോ എന്നതില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.