കൊച്ചി : സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുമായിരുന്ന എം സി ജോസഫൈന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറി. രാവിലെ എട്ടുമുതൽ അങ്കമാലി സി എസ്‌എ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്.
സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്ന്ന് ശനിയാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. മരണവിവരം അറിഞ്ഞ ഉടൻ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എന്നിവര് ആശുപത്രിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണന്, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലന്, സി എസ് സുജാത, പി സതീദേവി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. അങ്കമാലിയിലെ വസതിയിൽ രാത്രി ഒമ്പതരയോടെ മൃതദേഹം എത്തിക്കുമ്പോൾ നൂറുകണക്കിനുപേർ കാത്തുനില്ക്കുന്നുണ്ടായിരുന്നു.