ബെംഗുളുരു : മാരകമായ ലഹരി വസ്തുക്കളുമായി ആറ് മലയാളികള്‍ കര്‍ണാടകത്തില്‍ പിടിയിലായി. കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എംഡിഎംഎ ഗുളികകളെത്തിച്ചിരുന്ന സംഘമാണിവര്‍. മലയാളിയായ കെ പ്രമോദും ഫാഹിമുമായിരുന്നു സംഘത്തെ നയിച്ചിരുന്നത്.
ബിറ്റ് കോയിനുപയോഗിച്ച് ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ 750 എംഡിഎംഎ ഗുളികകള്‍ ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിലെത്തിയത് കഴിഞ്ഞ ആഗസ്റ്റ് 30നാണ്. ബെംഗളൂരുവിലെക്കെന്നല്ലാതെ പാര്‍സലെത്തേണ്ടായാളുടെ കാര്യമായ വിവരങ്ങള്‍ പാര്‍സലിന് മുകളില്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണമാണ് നാലംഗ സംഘത്തില്‍ എത്തിയത്. ഇവരുടെ സഹായികളായ അബു ഹാഷിര്‍, എസ് എസ് ഷെട്ടി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.