പത്തനംതിട്ട : ആഘോഷത്തോടെ തുടങ്ങിയ മീൽസ് ഓൺ വീൽസ് സ്വയംതൊഴിൽ പദ്ധതി കട്ടപ്പുറത്തായി. സബ്സിഡി ലഭിച്ച സംരംഭകഗ്രൂപ്പ്, പദ്ധതി വിഭാവനം ചെയ്തപോലെ പ്രവർത്തനം നടത്താതെ ഉപേക്ഷിച്ചു. പാഴായത് 3.84 ലക്ഷം രൂപ. തുക സംരംഭകഗ്രൂപ്പിൽനിന്നോ കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്ററിൽനിന്നോ ഈടാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ശുപാർശചെയ്തു. തോട്ടപ്പുഴശ്ശേരി, ഇരവിപേരൂർ ഗ്രാമപ്പഞ്ചായത്തുകളിലെ വീടുകളിൽ തനിച്ചായവർക്ക് ഗുണനിലവാരമുള്ള ഭക്ഷണം തയ്യാറാക്കി വീടുകളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
കുടുംബശ്രീയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്താണ് പദ്ധതി ആവിഷ്കരിച്ചത്. ഇരുചക്രവാഹനമുള്ളതും കാറ്ററിങ് മേഖലയിൽ പരിശീലനം കിട്ടിയതുമായ സ്ത്രീകൾക്കൊരു സ്വയംതൊഴിൽ സംരംഭമായിരുന്നു ലക്ഷ്യമിട്ടത്. തോട്ടപ്പുഴശ്ശേരിയിലെ മൂന്നുസ്ത്രീകൾ അടങ്ങുന്ന രണ്ടുഗ്രൂപ്പുകളെയാണ് സി.ഡി.എസ്. തിരഞ്ഞെടുത്തത്. ഇവർ പഞ്ചായത്തുമായി കരാറും ഒപ്പിട്ടു. ഒന്നാംഗ്രൂപ്പിന് 2.87 ലക്ഷം രൂപയും രണ്ടാംഗ്രൂപ്പിന് 96,852 രൂപയും നല്കി.എന്നാൽ, പദ്ധതിയുടെ നിർവഹണച്ചുമതലയുള്ള ജില്ലാമിഷൻ കോഡിനേറ്റർ ഗ്രൂപ്പുകളുമായി കരാരിൽ ഏർപ്പെടാതെ സബ്സിഡി കൈമാറി. ആഹാരം പാകംചെയ്യാൻ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനാണ് തുക വിനിയോഗിച്ചത്.