ചെങ്ങന്നൂര്‍: കോഴിയും താറാവും പന്നിയുമെല്ലാം ഉള്‍പ്പെടുന്ന മാംസവിപണിയില്‍ തമിഴ്‌നാട് ആധിപത്യമെന്ന് വ്യാപാരികള്‍. ഈ വര്‍ഷത്തെ ക്രിസ്മസ് വിപണിയില്‍ ഇറച്ചിവില കുതിച്ചുയരുമെന്നാണ് സൂചന. പക്ഷിപ്പനിയുടെ പേരില്‍ താറാവിനും കോഴിക്കും നിരോധനം, പന്നിപ്പനിയുടെ പേരില്‍ പന്നിവളര്‍ത്തലില്‍ പ്രതിസന്ധി എന്നിവയായതോടെ കര്‍ഷകര്‍ മറ്റ് രംഗങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെയാണ് മാംസ വിപണിയില്‍ തമിഴ്‌നാടിന് സ്വാധീനം വര്‍ധിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന രോഗബാധകളും നിരോധനങ്ങളും കര്‍ഷകരെ കടക്കെണിയിലാക്കി. ലക്ഷങ്ങളാണ് പലരുടെയും ബാധ്യത.
സമീപ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് ആലപ്പുഴ ജില്ലയിലേക്ക് ഇപ്പോള്‍ കൂടുതലായി മാംസം എത്തിച്ചേരുന്നത്. പക്ഷിപ്പനി ജില്ലയില്‍ നിന്നും പൂര്‍ണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റിലും സെപ്റ്റംബറിലും കള്ളിംഗ് നടത്തി ലക്ഷക്കണക്കിന് താറാവുകളെയും കോഴികളെയുമാണ് ഇല്ലാതാക്കിയത്. ഇതോടൊപ്പം കോഴി, താറാവ് എന്നിവ കൊണ്ടുവരാനും ഇവിടെ വളര്‍ത്താനും വില്‍ക്കാനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മാസം വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹചര്യം പ്രതികൂലമായതോടെ മിക്ക ഫാമുകളും അടച്ചുപൂട്ടിയ നിലയിലാണ്. താറാവ് വളര്‍ത്തല്‍ ഇല്ലെന്നുതന്നെ പറയാം. ചിലരാകട്ടെ പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്ക് കൃഷി മാറ്റിയിട്ടുണ്ട്. പകുതിയിലധികം പേരും പൂര്‍ണമായി കൃഷി നിര്‍ത്തിയെന്നാണ് സൂചന.
കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചിരുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ എത്തുന്നില്ലെങ്കിലും ഇറച്ചിക്കോഴി വില്‍പ്പന തടസമില്ലാതെ തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്നതാണ് ഇവയിലേറെയും. ഇതിനെല്ലാം കര്‍ശനമായ നിയന്ത്രങ്ങള്‍ മൃഗസംരക്ഷണവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തില്‍ ഫലപ്രദമല്ലെന്നാണ് സ്ഥിതിഗതികള്‍ തെളിയിക്കുന്നത്. നിരോധനം കാരണം ഇറച്ചിക്കോഴി, താറാവ് വിലകളില്‍ വര്‍ധനവുണ്ടായില്ലെങ്കിലും ക്രിസ്മസ് സീസണ്‍ ആകുമ്പോഴേക്കും ഉയരാനുള്ള സാധ്യത വര്‍ധിച്ചതായി വ്യാപാരികളും പറയുന്നു.