പത്തനംതിട്ട : തിരുമേനിമാരുടെയും മെത്രാന്‍മാരുടെയും പേരുപറഞ്ഞ് പള്ളീലച്ചനും കപ്യാരും ഫോട്ടോഗ്രാഫി രംഗം കയ്യടക്കുന്നത്തിനെതിരെ പ്രതിഷേധവുമായി ഫോട്ടോഗ്രാഫി രംഗത്തെ സംഘടനകള്‍. കോന്നിയിലെ ചെങ്ങറയിലും തിരുവല്ലയിലും ഫോട്ടോഗ്രാഫര്‍മാര്‍ ഇത്തരം സംഘങ്ങളെ തടഞ്ഞുവെച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
ചെങ്ങറയിലെ സംഭവത്തില്‍ മലയാലപ്പുഴ പോലീസും ഇന്നലെ തിരുവല്ലയില്‍ നടന്ന സംഭവത്തില്‍ തിരുവല്ല പോലീസും കേസെടുത്തു. ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെങ്കിലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും. ഫോട്ടോഗ്രാഫി പഠിച്ച് ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി തൊഴില്‍ ചെയ്യാന്‍ ഇറങ്ങിയത് ഉപജീവനത്തിനു വേണ്ടിയാണെന്നും പോക്കറ്റ് മണിക്കും ടൈം പാസിനും വേണ്ടി തങ്ങളുടെ തൊഴില്‍മേഖല തകര്‍ക്കുവാന്‍ ആര് തുനിഞ്ഞാലും ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും ഫോട്ടോഗ്രാഫി രംഗത്തെ വിവിധ സംഘടനകള്‍ മുന്നറിയിപ്പുനല്‍കി.
കോവിഡ് മൂലം തകര്‍ന്ന ഫോട്ടോഗ്രാഫി മേഖലയെക്കുറിച്ച് പത്തനംതിട്ട മീഡിയ ലൈവ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ചില ക്രിസ്ത്യന്‍ സഭകളും ഇടവകകളും ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി രംഗത്തേക്ക് കടന്നുവന്നതുമൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ പച്ചയായ മുഖമായിരുന്നു ജനങ്ങളിലേക്ക് എത്തിച്ചത്.
https://www.facebook.com/mediapta/videos/2612215062365777/