ഗാസിയാബാദ്: ഗാസിയാബാദില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.
അനന്തരവളെ ശല്യം ചെയ്തതിന് പോലീസില്‍ പരാതി നല്‍കിയതിനാണ് ഒരു മാധ്യമപ്രവര്ത്തകന് വെടിയേറ്റത്. ഇവിടെ സാധാരണക്കാരന് എങ്ങനെ സുരക്ഷിതനാകുമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ബന്ധുവായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് വിക്രം ജോഷി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി പെണ്മക്കളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിയെ ഒരു സംഘമാളുകള്‍ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.