കൊച്ചി: ദേശീയ പണിമുടക്കിന്റെ മറവിൽ മാധ്യമ പ്രവർത്തകനു നേരെ നടന്ന അതിക്രമങ്ങളിൽ മീഡിയ ആന്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മൂവാറ്റുപുഴയിൽ പ്രാദേശിക ചാനലിന്റെ ക്യാമറാമാന്‍ അനുപിനെയാണ് സി.ഐ ടി യു പ്രവർത്തകർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും തൊഴിൽ അവകാശങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ് തൊഴിലിൽ ഏർപ്പെട്ടിരുന്ന മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചത്.
ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ കഴിയില്ലെന്ന് ദേശീയ പ്രസിഡന്റ് അജിതാ ജയ് ഷോര്‍ പറഞ്ഞു. പണിമുടക്കിന്റെ പേരില്‍ സമരാനുകൂലികള്‍ സാധാരണ ജനങ്ങളോട് കാണിക്കുന്ന അതിക്രമങ്ങളുടെ നേർകാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുത്തു എന്ന കുറ്റമാണ് അനുപ് ചെയ്തത്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളി കൂട്ടുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയതു മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് തുടക്കത്തിലെ നിയന്ത്രണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിക്ക് അനിഷ്ടമായത് ചോദിച്ചാല്‍ കടക്കൂ പുറത്തെന്ന് ആക്രോശം. അതിക്രമങ്ങളും കള്ളക്കേസുകളും ജയിലിലടക്കലും നിരവധി മാധ്യമ പ്രവർത്തകര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അജിതാ ജയ് ഷോര്‍ പറഞ്ഞു.
മുഖ്യധാര മാധ്യമങ്ങൾ എന്ന് വിളിക്കുന്ന വൻകിട മാധ്യങ്ങളിലെ അക്രഡിറ്റേഷൻ കാറ്റഗറിയിലുള്ളവരുടെ മാധ്യമ സംഘടനകൾ പാർട്ടിയുടെയും സർക്കാരിന്റെയും അതിക്രമങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാത്തത് ഭയംകൊണ്ടും വിധേയത്വം കൊണ്ടുമാണ്. സത്യം വിളിച്ചുപറയുകയും പാർട്ടിയുടെയും കൊടിയുടെയും തണലിൽ അക്രമങ്ങൾ നടത്തുന്ന ഗുണ്ടകളുടെ തനിനിറം പുറത്ത് കൊണ്ടുവരികയും ചെയ്യുന്ന പ്രാദേശിക മാധ്യമ പ്രവർത്തകര്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവർക്കെതിരെ അക്രമം നടത്തുന്നവർ ഏതു രാഷ്ട്രീയ പാർട്ടിക്കാരായാലും അവരെ ഒറ്റപ്പെടുത്താനും അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാനും രാഷ്ട്രീയ പാർട്ടികളും സർക്കാരും തയ്യാറാകണം.
ജനാധിപത്യ സംവിധാനത്തിലെ നാലാം തൂണായ മാധ്യമ പ്രവർത്തകരെ പൂര്‍ണ്ണ സ്വാതന്ത്രത്തോടും ഭീതിയില്ലാതെയും ജോലി ചെയ്യുവാന്‍ അനുവദിക്കണം. മൂവാറ്റുപുഴയിൽ ഉണ്ടായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുവാന്‍ പാടില്ല. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മീഡിയ ആന്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍ ദേശീയ കമ്മിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു. ദേശീയ പ്രസിഡന്റ് അജിതാ ജയ് ഷോറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.































