ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം തുടരുന്ന ശാഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി ഇന്ന് വീണ്ടും ചർച്ച തുടരും. രണ്ട് ദിവസം തുടർച്ചയായി നടത്തിയ ചർച്ചക്ക് ശേഷവും സമരവേദി മാറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിഷേധക്കാർ. ഈ സാഹചര്യത്തിൽ സമാന്തര റോഡുകൾ തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന സമരക്കാരുടെ നിർദേശം സമിതി പരിഗണിച്ചേക്കും. സമിതി ഇവിടങ്ങളിൽ സന്ദർശിച്ച് പരിശോധന നടത്തിയേക്കുമെന്നും സൂചനയുണ്ട്.
സമാന്തര റോഡുകൾ തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്ന സമവായ ഫോര്‍മുല സമിതി തിങ്കളാഴ്ച കോടതിയെ അറിയിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകരായ സഞജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവരടങ്ങിയ മധ്യസ്ഥ സമിതിക്ക് ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസവും സമിതി സമരക്കാരുമായി ചർച്ച നടത്തും.