ന്യൂഡല്‍ഹി : കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതിന് എതിരായ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് മാനേജ്മെന്റുകൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നീറ്റ് പട്ടികയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഥികളെ ഈ അധ്യയന വർഷവും പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിലെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ബാങ്ക് ഗ്യാരന്റി, സ്പോട്ട് അഡ്മിഷൻ എന്നിവ സംബന്ധിച്ച സർക്കാർ പ്രോസ്പക്ടസിലെ വ്യവസ്ഥകളും റദ്ദാക്കണമെന്ന് മാനേജുമെന്റുകൾ കോടതിയിൽ ആവശ്യപ്പെടും. 2018 ൽ മെഡിക്കൽ പ്രവേശനത്തിനായി സംസ്ഥാന സർക്കാർ പുറത്ത് ഇറക്കിയ പ്രോസ്പെക്ടസിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റിലേക്കും സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന് വ്യവസ്ഥ ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്ത് കേരളത്തിലെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്.
സർക്കാർ മെഡിക്കൽ കോളേജുകളിലേത് പോലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലും 15 ശതമാനം സീറ്റുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ മാനേജ്മെന്റുകൾക്ക് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വർഷവും ഈ സ്ഥിതി തുടർന്നു. എന്നാൽ നീറ്റ് പട്ടികയിൽ നിന്ന് അന്യ സംസ്ഥാനങ്ങളിലെ കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നാണ് മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്.
വിദ്യാർഥികളിൽ നിന്ന് ബാങ്ക് ഗാരന്റി വാങ്ങാൻ അനുവദിക്കണം, രണ്ടുഘട്ടങ്ങളിലെ കൗൺസലിങ് കഴിഞ്ഞാൽ ബാക്കി സീറ്റുകളിലേക്കു സ്പോട്ട് അഡ്മിഷൻ നടത്താൻ കോളേജുകൾക്കു അധികാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും മാനേജ്മെന്റുകൾ ഇത്തവണയും കോടതിയിൽ ഉന്നയിക്കും. ഓരോ കോളേജിലും അഞ്ചുശതമാനം സീറ്റുകൾ മാനേജ്മെന്റുകൾക്കായി മാറ്റിവെക്കണമെന്നും 2018 ൽ നൽകിയ ഹർജിയിൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.കേരളത്തിലെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷന് വേണ്ടി അഭിഭാഷകൻ സുൽഫിക്കർ അലിയാണ് ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.