കോഴിക്കോട്: മെഡി.കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 28 മണിക്കൂര്‍ കഴിഞ്ഞിട്ടും സംസ്കരിച്ചില്ല. സംസ്കരിക്കുന്ന സ്ഥലം സംബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനും ഉള്ളിയേരി പഞ്ചായത്തും തമ്മിലുള്ള തര്‍ക്കമാണ് ഇതിനു കാരണം. പ്രശ്നം പെട്ടെന്ന് പരിഹരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം നല്‍കിയിരിക്കുന്നത്.
28 മണിക്കൂറായി അച്ഛന്‍റെ മൃതദേഹം സംസ്കരിക്കാന്‍ അനീഷും അജീഷും അധികൃതരുടെ കനിവ് തേടുകയാണ്. ഒടുവില്‍ ജില്ലാ കളക്ടറുടെ ഇടപെടല്‍ തേടിയാണ് കളക്‌ട്രേറ്റില്‍ എത്തിയിരിക്കുന്നത്. ഉള്ളിയേരി സ്വദേശി രാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചത് ശനിയാഴ്ച രാവിലെ പത്തുമണിക്കാണ്.
നാലുസെന്‍റ് കോളനിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ സ്ഥലമില്ലെന്നും പഞ്ചായത്തില്‍ പൊതുശ്മശാനം ഇല്ലെന്നും കാണിച്ച് ഉടന്‍ തന്നെ കോര്‍പ്പറേഷന് കത്ത് നല്‍കുകയുണ്ടായി. കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിക്കാന്‍ സൗകര്യമൊരുക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. പക്ഷേ കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ആളല്ലാത്തതിനാല്‍ ഏറ്റെടുക്കാനാവില്ലെന്ന് കോര്‍പ്പേറഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ വീണ്ടും ഉള്ളിയേരി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞു.