കൊച്ചി : കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ഒരു ആരോഗ്യ സര്‍വേ രൂപകല്‍പന ചെയ്തിരിക്കുന്നത് കാനഡ ആസ്ഥാനമായുള്ള പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടെന്ന് (പി.എച്ച്.ആര്‍.ഐ) റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് സര്‍വേ തുടരുന്നതെന്ന് വെളിപ്പെടുത്തുന്നത് കാരവാന്‍ മാസികയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതേ രീതിയില്‍ ഒരു സര്‍വേ തുടങ്ങി വെച്ചിരുന്നു. അന്ന് പി.എച്ച്.ആര്‍.ഐയുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നുവെന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് ആരോപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ വീണ്ടും അതേ പദ്ധതി തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത് പി.എച്ച്.ആര്‍.ഐക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നാണ്. എന്നാല്‍ ഇ-മെയിലുകളും കത്തുകളും പുറത്തുവിട്ട് സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് കാരവാന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍, പിഎച്ച്‌ആര്‍ഐയുടെ തലവനും മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും കേരളത്തില്‍ ജനിച്ച കനേഡിയന്‍ പൗരനുമായ സലിം യൂസഫ്, തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പ്രൊഫസര്‍ കെ വിജയകുമാര്‍, അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍നിന്നും വിരമിച്ച പ്രൊഫസര്‍ കെ.ആര്‍ തങ്കപ്പന്‍ എന്നിവരാണ് ഇ-മെയിലുകളും കത്തുകളും കൈമാറിയതെന്നാണ് കാരവന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പി.എച്ച്.ആര്‍.ഐക്ക് വിവരങ്ങള്‍ ലഭ്യമാക്കുക. പദ്ധതിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുക എന്നിതിലുപരി വന്‍ തുക ഇതിനായി നിക്ഷേപിച്ചു എന്ന വിവരവും കാരവാന്‍ പുറത്തുവിടുന്നു.
2018 ഡിസംബറില്‍ ഇടത് സര്‍ക്കാര്‍ ‘കിരണ്‍’ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി ഇതര രോഗങ്ങള്‍ ഉയരുന്നതും അപകടസാധ്യതയും പഠിക്കുക എന്നതാണ് ഉദ്ദേശം. ആഹാരക്രമം, വ്യായാമം, ജീവിതരീതി, മദ്യപാന-പുകവലി ശീലം, രോഗങ്ങളും ചികിത്സാ രീതികളുമടങ്ങിയ വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ പകര്‍ച്ചവ്യാധി ഇതര രോഗവിവരങ്ങള്‍ ശേഖരിക്കുന്ന വിഭാഗമാണ് സര്‍വേ നടത്തുന്നതെന്ന് പിന്നീട് അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ 14 ജില്ലകളിലെയും ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗിച്ച് 10 ലക്ഷം പേരില്‍ നടത്തുന്ന ചോദ്യോത്തര സര്‍വേയാണിത്.