തിരുവല്ല : തിരുവല്ല മെഡിവിഷൻ ലാബിൽ ആർ.ടി.പി.സി.ആർ പരിശോധന തട്ടിപ്പെന്ന് പരാതി. ലാബ് ജീവനക്കാർക്കും ലാബിനുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവല്ല സ്വദേശിനി ബിനിത അനിൽ പത്തനംതിട്ട ഡി.എം.ഒക്ക് പരാതി നൽകി. വിദേശത്ത് പോകേണ്ട യുവതിക്ക് കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി യാത്ര മുടക്കാന്‍ ശ്രമമുണ്ടായി എന്നും പരാതിയില്‍ പറയുന്നു. തിരുവല്ല മെഡിവിഷന്‍ ലാബിനെതിരെ കുളക്കാട് ചരിവുകാലായില്‍ ബിനിത അനില്‍ ആണ് പരാതി നല്‍കിയത്.
വിദേശത്ത് ജോലിയുള്ള യുവതി തിരികെ പോകുന്നതിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തുവാന്‍ ആശ്രയിച്ചത് കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള മെഡിവിഷന്‍ ലാബിന്റെ തിരുവല്ലയിലെ ശാഖയെയാണ്. ബിനിത അനിലിന് സെപ്തംബര്‍ 22 നായിരുന്നു യാത്ര പോകേണ്ട തീയതി. സെപ്തംബര്‍ 20 ന് ഉച്ചക്ക് 2 മണിക്ക് തിരുവല്ലയിലെ മെഡിവിഷന്‍ ലാബില്‍ നേരിട്ടെത്തി ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് സാമ്പിള്‍ നല്‍കി. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പരിശോധനാഫലം ലഭിക്കാതിരുന്നതിനാലും യാത്ര പോകേണ്ട സമയം അടുത്തതിനാലും 21 ന് വൈകുന്നേരം നാലുമണിക്ക് യുവതി നേരിട്ട് ലാബില്‍ എത്തി വിവരങ്ങള്‍ ആരാഞ്ഞു. റിസള്‍ട്ട് ഇതുവരെ ഇവിടെ ലഭ്യമായിട്ടില്ലെന്നും എറണാകുളം ഓഫീസില്‍ ചോദിച്ചിട്ട് വിവരം പറയാം എന്നും ജീവനക്കാര്‍ പറഞ്ഞു.
തുടര്‍ന്ന് മെഡിവിഷന്‍ ലാബിന്റെ പി.ആര്‍.ഒ അജേഷ് എന്നയാളെ ജീവനക്കാര്‍ ഫോണില്‍ വിളിച്ചുനല്‍കി. നാളെ യാത്ര പോകേണ്ടതാണെന്നും റിസള്‍ട്ട് അത്യാവശ്യമാണെന്നും യുവതി ഇദ്ദേഹത്തെ ധരിപ്പിച്ചു. നാളെ രാവിലെയെങ്കിലും റിസള്‍ട്ട് ലഭിച്ചില്ലെങ്കില്‍ തന്റെ യാത്ര മുടങ്ങുമെന്നും ജോലി നഷ്ടപ്പെടുമെന്നും യുവതി പറഞ്ഞു. ഇതിനിടയില്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും യുവതി ഡി.എം.ഒ ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. “നിങ്ങള്‍ യാത്ര ചെയ്യേണ്ടതുകൊണ്ടാണ്, അല്ലെങ്കില്‍ നിങ്ങളുടെ റിസള്‍ട്ട് പോസിറ്റീവ് ആക്കുവാനും പറ്റും” എന്നായിരുന്നു ഭീഷണി. ഇദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള സാമ്പിള്‍ വീണ്ടും നല്‍കി. സാമ്പിള്‍ എടുത്തുകഴിഞ്ഞപ്പോള്‍ പുതിയ സാമ്പിള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് എറണാകുളം ഓഫീസില്‍ നിന്നും തിരുവല്ലയിലെ ലാബിലേക്ക് ഫോണ്‍ വന്നു. കൂട്ടാതെ 4:40 ന് പഴയ സാമ്പിളിന്റെ റിസള്‍ട്ട് മെയിലില്‍ വന്നു. Inconclusive എന്നാണ് റിസള്‍ട്ട് രേഖപ്പെടുത്തിയിരുന്നത്. അതായത് ഫലം നെഗറ്റീവോ പോസിറ്റീവോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്ന്.
ലാബുകാരുടെ ഭീഷണിയിലും പരിശോധനയിലും സംശയം തോന്നിയതോടെ യുവതി ഏറണാകുളത്തേക്ക് യാത്ര തിരിച്ചു. രാത്രി 9 മണിയോടെ വൈറ്റിലയിലെ വെല്‍ കെയര്‍ ആശുപത്രിയില്‍ പരിശോധനക്ക് സാമ്പിള്‍ നല്‍കി. രാവിലെ 9 മണിയോടെ റിസള്‍ട്ട് നെഗറ്റീവ് എന്ന് ഫലവും ലഭിച്ചു. തുടര്‍ന്ന് വിദേശത്ത് എത്തി അവിടെ എയര്‍പോര്‍ട്ടിലും കോവിഡ് പരിശോധന നടത്തി. ഈ പരിശോധനയിലും റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു.
കോവിഡ് പരിശോധന ചിലര്‍ക്ക് കച്ചവടമാണ്. മഹാമാരിയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കോടികള്‍ കൊയ്യുകയാണ്. പരിശോധന നടത്താതെ തന്നെ ചിലര്‍ വന്‍ തുക വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. പല ലാബുകളിലെയും പരിശോധനകള്‍ തമ്മില്‍ വലിയ അന്തരമാണ്. നിരുത്തരവാദപരമായി കോവിഡ് പരിശോധന കൈകാര്യം ചെയ്യുന്നവരും നിരവധിയാണ്. കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് എന്ന് കാണിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന ആശുപത്രികളും ഇവിടെ യഥേഷ്ടം കാണാം. നടപടിയെടുക്കേണ്ട ആരോഗ്യവകുപ്പ് പലപ്പോഴും മൌനം പാലിക്കുകയാണ്.