കോന്നി : തന്റെ മകളുടെ മരണത്തിന് കാരണക്കാരനായ സുകാന്തിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് ചെയ്തില്ലെന്ന് മേഘയുടെ പിതാവ് മധു. സംഭവത്തിൽ പ്രതി കീഴടങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊച്ചിയിലും പരിസരത്തും ബന്ധപെട്ടവരുടെ സഹായത്തോടെ ആണ് ഇയാൾ കഴിഞ്ഞിരുന്നത്. എന്നിട്ടും പ്രതിയെ പിടികൂടുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് സുകാന്തിന്റെ അറസ്റ്റ് വൈകിയത്. ഇത്രയും നാളും അറസ്റ്റ് ചെയ്യാതെ ഇരുന്നിട്ട് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്തോടെ ആണ് ഇയാൾ കീഴടങ്ങിയത്.
ആദ്യഘട്ടത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന കേസ് പിന്നീട് മെല്ലപോക്ക് നയമാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സുകാന്ത് തന്റെ മകളെ ആത്മഹത്യയിലേക്ക് തള്ളി വിടുകയായിരുന്നു. ഇതിന് അടിസ്ഥാനമായ വാട്സ് ആപ് സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട് എന്നും മേഘയുടെ പിതാവ് പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയായ മേഘ മധുവിനെ മാസങ്ങൾക്കു മുൻപ് തിരുവനന്തപുരം ചാക്കയിലെ റയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൊച്ചി നെടുംമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥൻ മലപ്പുറം സ്വദേശി സുകാന്ത് ആണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്.