ന്യൂഡൽഹി: ഒളിവിൽ പോയ വ്യവസായി മെഹുൽ ചോക്സി പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ഉദ്യോഗസ്‌ഥരുമായി ചേർന്നു നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ പരാതി നൽകിയ ഇരകൾക്ക് തിരിച്ചു നൽകാൻ നടപടി തുടങ്ങി. പിടിച്ചെടുത്ത 125 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ലിക്വിഡേറ്ററിനു കൈമാറിയതോടെയാണ് നടപടിക്കു തുടക്കമായത്. ഈ സ്വത്തുകവകകൾ മൂല്യനിർണയം നടത്തി യഥാർഥ ഉടമകൾക്കു വിതരണം ചെയ്യും.
പി.എൻ.ബി ഉദ്യോഗസ്‌ഥരുമായും കൂട്ടാളികളുമായും ചേർന്ന് 2014 നും 2017 നുമിടയിലാണ് മെഹുൽ ചോക്‌സി തട്ടിപ്പ് നടത്തിയത്. പി.എൻ.ബിയിൽനിന്ന് ലെറ്റേഴ്സ് ഓഫ് അണ്ടർടേക്കിങ്ങും ഫോറിൻ ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റും തട്ടിപ്പിലൂടെ നേടിയെടുത്തതിന്റെ ഫലമായി ബാങ്കിന് 6,097.63 കോടി രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ഐ.സി.ഐ.സി. ഐ. ബാങ്കിൽനിന്ന് എടുത്ത വായ്‌പയിലും മെഹുൽ ചോക്‌സി വീഴ്‌ച വരുത്തിയിരുന്നു. ഇ.ഡി. സമർപ്പിച്ച അപേക്ഷയെത്തുടർന്ന് മെഹുൽ ചോക്‌സിയുമായി ബന്ധപ്പെട്ട 2,565.90 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ മുംബൈയിലെ പ്രത്യേക പി. എം.എൽ.എ. കോടതി അനുമതി നൽകിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്, ഐ. സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പിടിച്ചെടുത്തവയിൽ 125 കോടി രൂപയുടെ സ്വത്തുക്കളാണ് കോടതി ഉത്തരവുപ്രകാരം ഇ.ഡി. ആദ്യം കൈമാറുന്നത്. ഇതിൽ മുംബൈയിലെ ഫ്ലാറ്റുകൾ, സീപ്‌സ് മുംബൈയിലെ ഫാക്‌ടറികൾ, ഗോഡൗണുകൾ എന്നിവ ഉൾപ്പെടുന്നു. രാജ്യത്തെ 136 സ്‌ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 597.75 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും 1968.15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ, വാഹനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, ഫാക്‌ടറികൾ, ഓഹരികൾ, ആഭരണങ്ങൾ തുടങ്ങിയവ ഇതിലുണ്ട്.
കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യനിർണയത്തിനും ലേലത്തിനും ബാങ്കുകളെയും ലിക്വിഡേറ്റർമാരെയും സഹായിക്കാൻ കോടതി ഇ.ഡിക്കു നിർദേശം നൽകി. 27 കോടി രൂപയുടെ ഫ്ലാറ്റുകളും സീപ്‌സിലെ രണ്ടു ഫാക്‌ടറി പ്ലോട്ടുകൾ ഉൾപ്പെടെ 98.03 കോടി രൂപയുടെ ആറു സ്വത്തുക്കളുമാണ് ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ലിക്വിഡേറ്ററിനു കൈമാറിയത്. ബാക്കിയുള്ള ആസ്‌തികൾ ലിക്വിഡേറ്റർമാർക്കും ബാങ്കുകൾക്കും കൈമാറുന്നതിനുള്ള പ്രക്രിയ തുടരുകയാണ്.