പത്തനംതിട്ട : സുപ്രീം കോടതിവരെ നീണ്ട തര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും ശേഷം മേക്കൊഴൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ ഭരണസമിതി നാളെ അധികാരമേല്‍ക്കും. നാളെ വൈകുന്നേരം മൂന്നരക്ക് ബാങ്ക് ഹാളിലാണ് പ്രഥമയോഗം ചേരുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 19/04/2021 ലെ ഇ(1)7688/2018/എസ്.സി.ഇ.സി ഉത്തരവ് പ്രകാരം പ്രിസൈഡിംഗ് ഓഫീസര്‍ ഹരി ആണ് യോഗത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നാളെയുണ്ടാകും.
1191- നമ്പര്‍ മേക്കൊഴൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ യു.ഡി.എഫ് ഭരണമായിരുന്നു കാലങ്ങളായി നിലനിന്നിരുന്നത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2018 നവംബര്‍ 25 നായിരുന്നു പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിന്റെ രണ്ടുപാനലും എല്‍.ഡി.എഫിന്റെ ഒരു പാനലും കൂടാതെ സ്വതന്ത്രസ്ഥാനാര്‍ഥികളും വാശിയോടെ മത്സര രംഗത്ത് ഉണ്ടായിരുന്നു. യു.ഡി.എഫിലെ പടലപ്പിണക്കം മൂലമാണ് രണ്ടു പാനലില്‍ സ്ഥാനാര്‍ഥികള്‍ അങ്കംകുറിച്ചത്. 13 അംഗ ഭരണസമിതിയാണ് ബാങ്കിനുള്ളത്. കഴിഞ്ഞ ഭരണസമിതിയില്‍ യു.ഡി.എഫിന് 10 അംഗങ്ങളും 3 സ്വതന്ത്രന്മാരുമാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന്റെ അംഗങ്ങള്‍ ആരുംതന്നെ ഭരണസമിതിയില്‍ ഉണ്ടായിരുന്നില്ല.
2018 നവംബര്‍ 25 നായിരുന്നു വോട്ടെടുപ്പ്. അന്നേദിവസം വൈകുന്നേരം വോട്ടെണ്ണി അഞ്ചുമണിക്ക് തന്നെ വരണാധികാരി ഫലപ്രഖ്യാപനവും നടത്തിയിരുന്നു. യു.ഡി.എഫിന്റെ രണ്ടു പാനലില്‍ നിന്നും മത്സരിച്ചവരില്‍ 13 പേര്‍ വിജയിച്ചതായാണ് വരണാധികാരി പ്രഖ്യാപിച്ചത്. എന്നാല്‍ ഫലപ്രഖ്യാപനം വന്നയുടന്‍ യു.ഡി.എഫിന്റെ ഒരു പാനലില്‍ നിന്നും ജനറല്‍ മണ്ഡലത്തില്‍ മത്സരിച്ച തോമസ് ഫിലിപ്പ് തര്‍ക്കം ഉന്നയിച്ചു. വിജയിയായി പ്രഖ്യാപിച്ചവരുടെ ലിസ്റ്റില്‍ തോമസ് ഫിലിപ്പ് ഉണ്ടായിരുന്നില്ല. പരാജയപ്പെട്ട തോമസ് ഫിലിപ്പിന് ലഭിച്ചത് 415 വോട്ടാണെന്നും വരണാധികാരി അറിയിച്ചു. ഒന്നാമത്തെ ടാബുലേഷന്‍ ഷീറ്റില്‍ 268 വോട്ടും രണ്ടാമത്തെ ടാബുലേഷന്‍ ഷീറ്റില്‍ 266 വോട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആകെ വോട്ടുകള്‍ എണ്ണികൂട്ടിയതില്‍ തെറ്റുണ്ടെന്നും ഒരിക്കല്‍ക്കൂടി കണക്കുകള്‍ പരിശോധിക്കണമെന്നും തോമസ് ഫിലിപ്പ് വാദിച്ചുവെങ്കിലും വരണാധികാരി ചെവിക്കൊണ്ടില്ല. താന്‍ എഴുതിക്കൂട്ടിയതും പ്രഖ്യാപിച്ചതും ശരിയെന്ന നിലപാടായിരുന്നു വരണാധികാരി സ്വീകരിച്ചത്. വോട്ടുകള്‍ എഴുതിക്കൂട്ടിയത്തില്‍ തെറ്റുകള്‍ സംഭവിച്ചോയെന്നു നോക്കുവാന്‍പോലും വരണാധികാരി തയ്യാറായില്ല.
വരണാധികാരിയുടെ തെറ്റായ നടപടിക്കെതിരെ തൊട്ടടുത്ത ദിവസമായ നവംബര്‍ 26 ന് തന്നെ തോമസ് ഫിലിപ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കി. അഞ്ഞൂറിലധികം വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ടാബുലേഷന്‍ ഷീറ്റിലെ കണക്കുകള്‍ എഴുതി കൂട്ടിയതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും തനിക്ക് ലഭിച്ച വോട്ടുകള്‍ എത്രയെന്ന് പരിശോധിച്ച് അറിയിക്കണമെന്നും തോമസ് ഫിലിപ്പ് രേഖാമൂലം ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച വരണാധികാരി പിറ്റേ ദിവസംതന്നെ തോമസ് ഫിലിപ്പിനെ വിളിച്ച് തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ആകെ വോട്ടുകള്‍ എഴുതിക്കൂട്ടിയത്തില്‍ തെറ്റുണ്ടെന്നും തോമസ് ഫിലിപ്പിന് ലഭിച്ചത് 534 വോട്ടുകളാണെന്നും അറിയിച്ചു. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും വരണാധികാരി തോമസ് ഫിലിപ്പിനെ അറിയിച്ചു.
ഇതനുസരിച്ച് 2018 നവംബര്‍ 29 ന് പുനര്‍ ഫലപ്രഖ്യാപനം നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ, തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാവര്‍ക്കും വരണാധികാരി നോട്ടീസ് നല്‍കി. എന്നാല്‍ ജനറല്‍ മണ്ഡലത്തില്‍ എട്ടാമത്തെ വിജയിയായ വിശ്വനാഥന്‍ നായര്‍ വരണാധികാരിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് വാങ്ങി. അതിനാല്‍ പുനര്‍ ഫലപ്രഖ്യാപനം നടത്തുവാനോ പുതിയ ഭരണസമിതിക്ക് അധികാരമേല്‍ക്കുവാനോ കഴിഞ്ഞില്ല. തുടര്‍ന്ന് ബാങ്ക് അഡ്മിനിസ്ട്രെറ്റര്‍ ഭരണത്തിലായി. ജനറല്‍ മണ്ഡലത്തില്‍ നിന്നും ആകെ തെരഞ്ഞെടുക്കപ്പെടെണ്ടത് എട്ട് അംഗങ്ങളെയാണ്. പരാജയപ്പെട്ട തോമസ് ഫിലിപ്പ് പുനര്‍ ഫലപ്രഖ്യാപനത്തിലൂടെ വിജയിയാകുമ്പോള്‍ എട്ടാമാതായി വിജയിച്ച വിശ്വനാഥന്‍ നായര്‍ പരാജയപ്പെടും. ഇതൊഴിവാക്കുവാനാണ് റിട്ടയേഡ് അദ്ധ്യാപകന്‍ കൂടിയായ വിശ്വനാഥന്‍ നായര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചത്.
തുടര്‍ന്ന് വന്ന സിംഗിള്‍ ബഞ്ചിന്റെ വിധി വിശ്വനാഥന്‍ നായര്‍ക്ക് അനുകൂലമായിരുന്നു. മുന്‍ ഫലപ്രഖ്യാപനം ശരിവെച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഈ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ തോമസ് ഫിലിപ്പ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റെ വിധി തോമസ് ഫിലിപ്പിന് അനുകൂലമായിരുന്നു. സിംഗിള്‍ ബഞ്ചിന്റെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് ഇറക്കിയ ഉത്തരവില്‍ പുനര്‍ ഫലപ്രഖ്യാപനം നടത്തണമെന്നും തോമസ് ഫിലിപ്പിനെ വിജയിയായി പ്രഖ്യാപിക്കണമെന്നും പറഞ്ഞിരുന്നു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ വിശ്വനാഥന്‍ നായര്‍ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തുടര്‍ന്ന് തോമസ് ഫിലിപ്പും സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കെത്തന്നെ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വനാഥന്‍ നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിലൂടെ ലഭിച്ച അനുകൂല ഉത്തരവുമായി ഭരണസമിതി അധികാരത്തിലേറുവാന്‍ ശ്രമം നടത്തി. ഇത് മുന്‍കൂട്ടിയറിഞ്ഞ തോമസ് ഫിലിപ്പ് വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള ഉത്തരവ് യോഗം കൂടുന്നതിന് തൊട്ടുമുമ്പായി വരണാധികാരിയെ അറിയിച്ചു. തുടര്‍ന്ന് യോഗനടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
കേസ് വിശദമായി പരിഗണിച്ച സുപ്രീം കോടതി 2021 ഫെബ്രുവരി 26 ന് നല്‍കിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം ആര്‍ബിട്രേഷന്‍ കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ വോട്ടുകള്‍ വീണ്ടും എണ്ണി തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചു. റീ കൌണ്ടിങ്ങില്‍ വിശ്വനാഥന്‍ നായര്‍ക്ക് 492 വോട്ടും തോമസ് ഫിലിപ്പിന് 537 വോട്ടും ലഭിച്ചിരുന്നു. 2021 മാര്‍ച്ച് 26ന് റിപ്പോര്‍ട്ട് പരിഗണിച്ച സുപ്രീംകോടതി തോമസ് ഫിലിപ്പിനെ വിജയിയായി പ്രഖ്യാപിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
തോമസ് ഫിലിപ്പിനുവേണ്ടി സുപ്രീം കോടതിയില്‍ അഡ്വ. ദീപക് പ്രകാശ്, കേരളാ ഹൈക്കോടതിയില്‍ അഡ്വ. പി.എന്‍ മോഹനന്‍, ആര്‍ബിട്രേഷന്‍ കോടതിയില്‍ അഡ്വ. ചന്ദ്രശേഖര്‍ പ്രസാദ് എന്നിവര്‍ ഹാജരായി.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഈ റോഡില്‍ ഒന്നുവരുമോ ? ഒരു നാടിന്റെ ദുരിതം നേരിട്ടുകാണാം…
https://pathanamthittamedia.com/pazhavangadi-panchayathu-president-road-issue/