കൊല്ലം : പള്ളിയിൽ പ്രാർഥനക്കെത്തിയ യുവതിയുടെ മൊബൈലും പഴ്സും കവർന്ന യുവാക്കളെ പോലീസ് പിടികൂടി. ചാത്തിനാംകുളം എം.എൽ.എ ജങ്ഷന് സമീപം വടക്കടത്ത് വീട്ടിൽ ആകാശ് (19), കല്ലുവിള പടിഞ്ഞാറ്റതിൽ വിപിൻ (21) എന്നിവരാണ് പിടിയിലായത്. യുവതി ഖബർസ്ഥാനിൽ ചന്ദനത്തിരി കത്തിച്ച് പ്രാർഥിക്കുന്നതിനായി മൊബൈലടങ്ങിയ പഴ്സ് സമീപത്ത് സൂക്ഷിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ അപഹരിക്കുകയായിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. കടകളിൽ മോഷണം പോയ മൊബൈലിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് നൽകിയിരുന്നു. മൊബൈൽ വിൽപനക്കെത്തിയ യുവാക്കളെ സംബന്ധിച്ച വിവരങ്ങൾ കടയുടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് യുവാക്കളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ശ്രീനാഥ്, താഹാകോയ, മധു, എ.എസ്.ഐ സന്തോഷ്കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.