നെയ്യാറ്റിൻകര : കേരളത്തിൽ ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേർക്കു സ്വന്തമായി ഭൂമി നൽകാനായത് ഈ സർക്കാരിന്റെ വലിയ നേട്ടമാണെന്നു ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. പൊതുജനങ്ങളുടെ പ്രശ്‌നങ്ങളിൽ അതിവേഗം പരിഹാരം കാണാനായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്ത് വഴിയും അർഹരായ കഴിയാവുന്നത്രയും പേർക്കു പട്ടയം നൽകാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയിൽ സാന്ത്വന സ്പർശം അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ടവർക്ക് റേഷൻ കാർഡ് നൽകൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു കഴിയാവുന്നത്രയും സഹായം വിതരണം ചെയ്യൽ തുടങ്ങിയവയ്ക്കും സാന്ത്വന സ്പർശം അദാലത്തിൽ മുൻതൂക്കം നൽകുന്നുണ്ട്. സർക്കാരിന്റെ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട എല്ലാ പരാതികളിലും സാധ്യമായ തീർപ്പുണ്ടാക്കുകയും അതിവേഗത്തിൽ പരിഹാരം കാണുകയുമാണ് അദാലത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.