പത്തനംതിട്ട : സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പിലാക്കിയ ‘വഴികാട്ടി’ പദ്ധതിയുടെ ഭാഗമായി മെഴുവേലി പദ്മനാഭോദയം സ്കൂളിൽ റോഡ് സുരക്ഷാ റാലിയും ലഹരി വിരുദ്ധ സെമിനാറും നടത്തി. റാലി ഇലവുംതിട്ട സബ് ഇൻസ്പെക്ടർ ടി.പി.ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരി വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി നിരവധി വിദ്യാർത്ഥികൾ അണിനിരന്ന റാലി ലഹരി മാഫിയക്ക് താക്കീതായി. തുടർന്ന് രക്ഷകർത്താക്കളും പിടിഎ അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ സബ് ഇൻസ്പെക്ടർ ശശികുമാർ ടി.പി. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബിജു ജെ അധ്യക്ഷത വഹിച്ചു. എസ് ഐ ശശികുമാർ (ജൂനിയർ), കെ പി എ ജോ. സെക്രട്ടറി കെ.എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് അനൂപ്, പിടിഎ പ്രസിഡന്റ് അജി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനമൈത്രി ഫുട്ബോൾ ടൂർണമെന്റിലെ ചാംമ്പ്യൻമാരായ ഇലവുംതിട്ട ജനമൈത്രി പോലീസ് ടീമിനുള്ള ജനമൈത്രി പോലീസ് – സമിതിയംഗങ്ങൾ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു.