ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സൈനിക സംഘർഷങ്ങൾ പാകിസ്ഥാന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ആഗോള വിപണിയിൽ എണ്ണവില ഉയരുന്നതും സപ്ലൈ ചെയിൻ തടസ്സപ്പെടുന്നതും രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിന് വൻ ഭീഷണിയാകുന്നതായി പ്രമുഖ പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യൻ വിഷയത്തിൽ അടിയന്തരമായ സമാധാന പരിഹാരം ഉണ്ടായില്ലെങ്കിൽ രാജ്യം കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലേക്ക് നീങ്ങുമെന്ന് ടോപ്‌ലൈൻ സെക്യൂരിറ്റീസ് ഉൾപ്പെടെയുള്ള സാമ്പത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പണപ്പെരുപ്പം ശരാശരി 10 ശതമാനത്തിന് മുകളിൽ തുടരാനാണ് സാധ്യത. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നാൽ പണപ്പെരുപ്പം 11 ശതമാനവും പിന്നിടും.
എണ്ണവിലയിലെ ഓരോ 10 ഡോളർ വർദ്ധനവും പാകിസ്ഥാന്റെ പണപ്പെരുപ്പ നിരക്കിൽ 50 ബേസിസ് പോയിന്റിന്റെ അധിക ഭാരമുണ്ടാക്കും. വില 120 ഡോളറിലേക്ക് എത്തുകയാണെങ്കിൽ പലിശ നിരക്ക് കുത്തനെ ഉയർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ നിർബന്ധിതരായേക്കും. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് ഇരട്ടിയാക്കാൻ കാരണമാകും. സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ വളർച്ചാ നിരക്കിനെയും സാരമായി ബാധിച്ചിട്ടുണ്ട്. 2027 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ചിരുന്ന 4 ശതമാനം വളർച്ച ഇപ്പോൾ 2.5 മുതൽ 3 ശതമാനം വരെയായി കുറച്ചിരിക്കുകയാണ്. വ്യവസായ മേഖലയിലെ സ്തംഭനാവസ്ഥ തുടർന്നാൽ ഇത് ഒരു ശതമാനത്തിലേക്ക് വരെ താഴാൻ സാധ്യതയുണ്ട്. ഇറക്കുമതി നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 8 ബില്യൺ ഡോളറിന് മുകളിലാകുമെന്നും ഇത് വിദേശനാണ്യ കരുതൽ ശേഖരത്തെ പൂർണ്ണമായും തകർക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഊർജ്ജ ആവശ്യങ്ങൾക്കായി 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ വെല്ലുവിളി. ഈ വർഷത്തെ ആദ്യ പാദത്തിൽ പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് 15 ശതമാനം ഇടിവ് രേഖപ്പെടുത്തി ലോകത്തെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന വിപണിയായി മാറി. കറൻസിയുടെ മൂല്യത്തകർച്ചയാണ് മറ്റൊരു പ്രധാന ഭീഷണി. 2027-ഓടെ പാകിസ്ഥാൻ രൂപയുടെ മൂല്യം ഒരു അമേരിക്കൻ ഡോളറിന് 298 രൂപ എന്ന റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.





























