കൊല്ലം : ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ‘സ്മൃതി’ എന്നപേരില്‍ ക്ലിനിക്ക് സ്ഥാപിച്ച് പൈല്‍സ്, ഫിസ്റ്റുല ചികിത്സകള്‍ നടത്തിയിരുന്ന, അന്യസംസ്ഥാനക്കാരനായ വ്യാജ ഡോക്ടര്‍ പിടിയില്‍. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള കൊല്‍ക്കത്ത സ്വദേശി കമല്‍ സര്‍ക്കരിനെയാണ് (47) ഇന്നലെ രാവിലെ 11.30ന് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1000 മുതല്‍ 10,000 രൂപവരെ ഫീസ് വാങ്ങിയിരുന്ന ഇയാള്‍ക്ക് ഇരയായത് നിരവധി പേരാണ്. 2014ല്‍ തിരുമുക്കില്‍ ക്ളിനിക്ക് സ്ഥാപിച്ച് വ്യാജ ചികിത്സ നടത്തുന്നതിനിടെ ഇയാള്‍ പിടിയിലായിരുന്നു. 2017ല്‍ ആണ് ക്ളിനിക്ക് സ്ഥാപിച്ചത്. വ്യാജനാണെന്ന വിവരത്തെ തുടര്‍ന്ന് ചാത്തന്നൂര്‍ മെഡിക്കല്‍ ഓഫീസര്‍ എന്‍.ബി വിനോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനി, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.
സന്തോഷ് രോഗിയായി ക്ലിനിക്കില്‍ എത്തിയെങ്കിലും സംശയത്തെ തുടര്‍ന്ന് ചികിത്സിക്കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ ഇവര്‍ മൂവരും ക്ലിനിക്കിലെത്തി രേഖകള്‍ പരിശോധിക്കുകയായിരുന്നു. മാതാപിതാക്കള്‍ പാരമ്പര്യ ചികിത്സകരാണെന്നത് മാത്രമാണ് ഇയാള്‍ക്ക് ചികിത്സയുമായുള്ള ബന്ധം. ചികിത്സാ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പറ്റിക്കലിന് ഇരയാവരുടെ വിവരം ലഭിച്ചത്. മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രേഖകളും മെഡിക്കല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. 2014 ലെ കേസ് പരവൂര്‍ കോടതിയില്‍ നടക്കുകയാണ്. ഒരുമാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2017 വരെ മൈക്കാടുപണിക്ക് പോവുകയായിരുന്നു. വരുമാനം കുറവായതിനാലാണ് വീണ്ടും ഡോക്ടറുടെ വേഷമിട്ടതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.