പത്തനംതിട്ട : ജില്ലയിലെ വിവിധ താലൂക്കുകളിലായി ആകെയുള്ള 15,353 അതിഥി തൊഴിലാളികള്‍ക്ക് അഞ്ചു കിലോവീതം അരി അല്ലെങ്കില്‍ ആട്ട നല്‍കിത്തുടങ്ങിയെന്ന് മന്ത്രി കെ.രാജു അറിയിച്ചു. 5847 തൊഴിലാളികള്‍ ഇതിനോടകം വാങ്ങിയതായും മന്ത്രി പറഞ്ഞു. 1253 ക്യാമ്പുകളിലായിട്ടാണ് അതിഥി തൊഴിലാളികള്‍ താമസിക്കുന്നത്. അടൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍പേര്‍ ക്യാമ്പുകളില്‍ വസിക്കുന്നത്. ഏറ്റവും കുറവ് തൊഴിലാളികളുള്ളത് റാന്നി താലൂക്കിലും.
അടൂര്‍ താലൂക്കിന് കീഴില്‍ 202 ക്യാമ്പുകളിലായി 3425 തൊഴിലാളികളാണുള്ളത്. തിരുവല്ല താലൂക്കില്‍ 3346 തൊഴിലാളികള്‍ 272 ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. കോഴഞ്ചേരി താലൂക്കില്‍ 287 ക്യാമ്പുകളാണുള്ളത്. 3282 അതിഥി തൊഴിലാളികളാണ് ഈ ക്യാമ്പുകളിലുള്ളത്. ഏറ്റവും കുറവ് അതിഥി തൊഴിലാളികളുള്ള റാന്നി താലൂക്കില്‍ 158 ക്യാമ്പുകളിലായി 1479 തൊഴിലാളികളുണ്ട്. മല്ലപ്പള്ളി താലൂക്കില്‍ 146 ക്യാമ്പുകളിലായി 1641 തൊഴിലാളികളും കോന്നി താലൂക്കില്‍ 188 ക്യാമ്പുകളിലായി 2210 തൊഴിലാളികളുമുണ്ട്.
ജില്ലയില്‍ ഓരോ അതിഥി തൊഴിലാളിക്കും 5 കിലോ അരി അല്ലെങ്കില്‍ ആട്ട അടങ്ങിയ കിറ്റാണ് നല്‍കുന്നത്. 5847 തൊഴിലാളികള്‍ ഇതിനോടകം കിറ്റ് വാങ്ങി. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കിറ്റ് വിതരണം ചെയ്തത്. 1759 തൊഴിലാളികളാണ് കിറ്റ് വാങ്ങിയത്. കോഴഞ്ചേരി താലൂക്കില്‍ 1382 തൊഴിലാളികളും അടൂരില്‍ 600 തൊഴിലാളികളും കിറ്റ് വാങ്ങി. മല്ലപ്പള്ളി താലൂക്കില്‍ 991 കിറ്റുകളും കോന്നിയില്‍ 1101 കിറ്റുകളും വിതരണം ചെയ്തു. റാന്നി താലൂക്കില്‍ 14 പേരാണ് കിറ്റ് വാങ്ങിയത്.