ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്കായി സ്കൂളിനു പുറത്തു കാത്തുനിന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ അണുനാശിനി തളിച്ചു. ഡല്‍ഹിയിലെ ലജ്പത് നഗറിലാണ് സംഭവം. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സൗത്ത് ഡെല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.
സ്കൂള്‍ പരിസരത്ത് അണുനശീകരണം ചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്ക് യന്ത്രത്തിന്റെ മര്‍ദ്ദം കൈകാര്യം ചെയ്യുവാന്‍ സാധിക്കാതിരുന്നതാണ് സംഭവത്തിനു കാരണമായതെന്ന് കോര്പ്പറേഷന് വ്യക്തമാക്കി. പ്രത്യേക ശ്രമിക് ട്രെയിനില്‍ കയറുന്നതിനു മുന്‍പാണ് കുടിയേറ്റ തൊഴിലാളികളെ സ്കൂളില്‍ വെച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ജനവാസ മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലും റോഡിലും അണുനശീകരണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അണുനശീകരണം നടത്തിക്കൊണ്ടിരുന്നയാള്ക്ക് ജെറ്റിംഗ് മെഷീന്റെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ തൊഴിലാളികളോടു മാപ്പു പറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.