പത്തനംതിട്ട : കൊറോണ വൈറസ് വ്യാപനം തടയുവാന്‍ കര്‍ശനമായ നിയന്ത്രണങ്ങളും വിലക്കുകളും നിലനില്‍ക്കുന്ന പത്തനംതിട്ടയിലെ ദൃശ്യങ്ങള്‍ ആരെയും അമ്പരപ്പിക്കും. ഇന്ന് ഉച്ചക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കുന്ന സമയം നിയമപാലകര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ലെന്നും പരസ്പരം ഒരുമീറ്റര്‍ അകലം പാലിക്കണമെന്നും കര്‍ശന നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടറും നല്‍കിയിട്ടുണ്ട്. കാറില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്താല്‍ അധികമുള്ളവരെ പോലീസ് കാറില്‍ നിന്ന് ഇറക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട നഗരമധ്യത്തില്‍ നൂറുകണക്കിന് ആളുകള്‍ ഭക്ഷണപൊതി വാങ്ങാന്‍ ഒത്തുകൂടിയത്. സന്നദ്ധ സംഘടനകളാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇക്കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സഹായിക്കുകയും ചെയ്യും. ഇതൊക്കെ നല്ല കാര്യങ്ങള്‍ തന്നെയെന്ന് തുറന്നു സമ്മതിക്കുമ്പോഴും ഇത്തരം നടപടികള്‍ ഒഴിവാക്കിക്കൂടെ എന്ന ചോദ്യവും ഉയരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും സാധനങ്ങളും അവരുടെ ക്യാമ്പുകളില്‍ എത്തിക്കുവാന്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട നഗരത്തില്‍ തന്നെയുള്ള ഈ ക്യാമ്പുകളില്‍ ഭക്ഷണം എത്തിച്ചു വിതരണം ചെയ്യാമെന്നിരിക്കെ ഇവരെയെല്ലാം നഗരകേന്ദ്രത്തില്‍ വിളിച്ചുവരുത്തി ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നത് വലിയ അപകടം വിളിച്ചു വരുത്തുകയാണ്. തദ്ദേശീയരായ ജനങ്ങള്‍ പോലും സുരക്ഷിതത്വം കരുതി വീട്ടില്‍ തന്നെ കഴിയുകയാണ്. ഒരുഭാഗത്ത് ജനങ്ങള്‍ വീടിനു പുറത്ത് ഇറങ്ങരുതെന്ന് പറയുകയും മറുവശത്തുകൂടി ഭക്ഷണം നല്‍കാന്‍ അന്യസംസ്ഥാന തൊഴിലാളികളെ നഗരഹൃദയത്തിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യുന്ന നടപടി എന്തിനെന്നു വെളിപ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറാകണം.
ഇന്ത്യയിലെ 10 കൊറോണ ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ പത്തനംതിട്ടയില്‍ ജനങ്ങളും അധികൃതരും അതീവ ജാഗ്രതയില്‍ തുടര്‍ന്നില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. വ്യാപാര സ്ഥാപനങ്ങളില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ നിശ്ചിത അകലം പാലിക്കുന്നില്ല. ഇതിനുള്ള മാര്‍ക്കുകളും എങ്ങും രേഖപ്പെടുത്തിയിട്ടില്ല. പല എ.റ്റി.എം കൌണ്ടറുകളിലും രോഗാണുക്കളെ നശിപ്പിക്കുന്നതിനുള്ള സാധനങ്ങള്‍ വെച്ചിട്ടില്ല. കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ദിനംപ്രതി ജില്ലാ കളക്ടര്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമായി പാലിക്കുന്നില്ല എന്നതാണ് നിലവിലുള്ള അവസ്ഥ.