പത്തനംതിട്ട : നാട്ടില്‍ തിരികെ പോകണമെന്നും മറ്റും ആവശ്യപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പപറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഏകദേശം നൂറോളം വരുന്ന, ഭൂരിപക്ഷവും ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ കണ്ണങ്കരയില്‍ സംഘടിച്ചെത്തിയത്. കണ്ണങ്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരാണിവര്‍. ഇവിടെയുള്ള സൂര്യാ ട്രാവല്‍ ഏജന്‍സി ഓഫീസിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിനിടെ പോലീസെത്തുകയായിരുന്നു.
രണ്ടരലക്ഷം രൂപ നല്കിയാല്‍ 30 പേരെ സ്വദേശത്തെത്തിക്കാമെന്ന ട്രാവല്‍ ഏജന്റിന്റെ വാഗ്ദാനത്തെത്തുടര്‍ന്നാണ് ഇവര്‍ ട്രാവല്‍ ഏജന്‍സി ഓഫീസിലേക്ക് പോകാന്‍ കണ്ണങ്കരയില്‍ ഒത്തുചേര്‍ന്നത്. സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ വേണ്ട പാസും മറ്റുകാര്യങ്ങളും ശരിയാക്കി നല്‍കാമെന്നും ഏജന്‍സി വാക്കു നല്‍കിയതായി പറയപ്പെടുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും തിരിച്ചു പോക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാമെന്നു ഉറപ്പ് നല്കുകയും ചെയ്തു.
ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചപ്പോള്‍ താമസസ്ഥലങ്ങളില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടെന്ന് കണ്ടെത്തി. ഭക്ഷണത്തിന്റെയും തിരിച്ചുപോക്കിന്റെയും കാര്യത്തില്‍വേണ്ട നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട ഡിവൈ.എസ്.പി: കെ.സജീവിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. സ്ഥലത്തെത്തിയ തഹസില്‍ദാറും ഈ പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.
അതിനിടെ ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാഷ്ട്രീയമുണ്ടോ എന്നു തുടങ്ങിയ വിവരങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിക്കൊപ്പം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി:ആര്‍.ജോസും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സൂര്യാ ട്രാവല്‍ ഏജന്‍സി ഉടമ വിജയകുമാറിനെയും ഏജന്റ് ഷാഹുല്‍ ഹമീദിനെയും പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞിടെ ഈ ഏജന്‍സി മുഖാന്തിരം കര്‍ണാടക സ്വദേശികളായ തൊഴിലാളികളെ നാട്ടിലേക്കയച്ചിരുന്നു. കളക്ടറേറ്റില്‍ നിന്നും ഇതിനായി ഏജന്‍സി പാസും മറ്റും സംഘടിപ്പിച്ചാണ് ഇവരെ തിരിച്ചയക്കാന്‍ സൗകര്യമൊരുക്കിയത്. ഇക്കാര്യങ്ങളെപ്പറ്റിയും വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.