പത്തനംതിട്ട : കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമഫലമായി മുത്തൂറ്റ് ഗ്രൂപ്പ് സഹായവുമായി കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഒരു ലോഡ് അവശ്യ സാധനങ്ങള്‍ കൈമാറി.
ലോക് ഡൗണ്‍ കാരണം തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികളുടെ അടിയന്തിര സാഹചര്യം ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാമിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റാണ് സഹായവുമായി എത്തിയത്.
3000 കിലോ സവാള, 3000 കിലോ ഉരുളക്കിഴങ്, 900 കിലോ പാം ഓയില്‍, 75 കിലോ മുളകുപൊടി, 10 കിലോ മല്ലിപൊടി എന്നി ഭക്ഷ്യധാന്യങ്ങളാണ് ആദ്യഘട്ടമായി ജില്ലാ ആസ്ഥാനത്തെത്തിച്ചത്. പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ മിഥിലേഷ് മുരളി, പത്തനംതിട്ട മുത്തൂറ്റ് ഫൈനാന്‍സ് ചീഫ് മാനേജര്‍ ലിഷ മാത്യൂസ് എന്നിവരാണ് മുത്തൂറ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സാധനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. കൈമാറുന്ന ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, കൊറോണ നോഡല്‍ ഓഫീസര്‍ വി.എസ് വിജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ രമാദേവി, ജനറല്‍ എസ്‌റ്റെന്‍ഷന്‍ ഓഫീസര്‍ അംബിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.