ഡല്‍ഹി : സ്വന്തം നാടുകളിലേക്ക് കുടിയേറ്റത്തൊഴിലാളികള്‍ കാല്‍നടയായി പലായനം ചെയ്യുന്നത് കേന്ദ്രത്തിന് തടയാനാവില്ലെന്ന് സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള കുടിയേറ്റത്തൊഴിലാളികളുടെ ചലനം നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നത് കോടതികള്‍ക്ക് അസാധ്യമാണ്. ഇക്കാര്യത്തില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.
നടന്ന് നാട്ടിലേക്കു മടങ്ങുന്നവരെ കണ്ടെത്തി പാര്‍പ്പിടവും ഭക്ഷണവും നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്‌റ്റിസുമാരായ എല്‍.നാഗേശ്വര റാവു, എസ്. കെ. കൗള്‍, ബി. ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് തള്ളി. മധ്യപ്രദേശിലും യുപിയിലും അടുത്തിടെ അപകടങ്ങളില്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവങ്ങളും ഹര്‍ജിക്കാരനായ അഡ്വ. അലഖ് അലോക് ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തൊഴിലാളികളുടെ കാല്‍നടയാത്ര തടയാന്‍ മാര്‍ഗമുണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു കോടതി ചോദിച്ചു. കുടിയേറ്റത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ഗതാഗത സൗകര്യം നല്‍കുന്നുണ്ടെന്നും എന്നാല്‍ കാല്‍നടയായി പോകാന്‍ തുടങ്ങിയാല്‍ ഒന്നും ചെയ്യാനാവില്ലെന്നും തുഷാര്‍ മേത്ത അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിക്ക് ഒന്നും ചെയ്യാനാവില്ലെന്നും സംസ്ഥാനങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചത്. ഹര്‍ജി കേള്‍ക്കാന്‍ താത്‌പര്യമില്ലെന്നും കോടതി പറഞ്ഞു.