കൊച്ചി: ഫ്ലാറ്റില്‍നിന്ന് ചാടി ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യചെയ്ത സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. മിഹിറിന്റെ ആത്മഹത്യയില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സ്‌കൂളിനോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. സ്‌കൂളില്‍വെച്ച് മിഹിര്‍ അതിക്രമത്തിന് ഇരയായോ എന്ന് പരിശോധിക്കും. മിഹിറിന്റെ സഹപാഠികളില്‍നിന്ന് വിവരങ്ങള്‍ തേടുകയും സ്‌ക്രീന്‍ഷോട്ട് പരിശോധിക്കുകയും ചെയ്യും. അടിയന്തിരമായി മൂന്ന് കാര്യങ്ങളാണ് വിദ്യഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. ഒന്ന് മിഹിറിന് അപകടം സംഭവിച്ച കാര്യം, രണ്ട് കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നത്. സ്‌കൂളുകളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നിവ സംബന്ധിച്ചാണ് മൂന്നാമതായി പരിശോധിക്കുക. ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിഹിര്‍ പഠിച്ച സ്‌കൂളുകളോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. ഹാജരാക്കുന്നതിനായി സമയം നല്‍കും. അത് ഹാജരാക്കിയില്ലെങ്കില്‍ തുടര്‍ നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മിഹിര്‍ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാളില്‍നിന്നും വലിയ പീഡനം ഉണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രിന്‍സിപ്പാളിന്റെ മൊഴി എടുത്തതായും എസ്. ഷാനവാസ് പറഞ്ഞു.