റാന്നി: മന്ദിരംപടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിര്‍ദിശയില്‍ സഞ്ചരിച്ച കാറില്‍ ഇടിച്ച ശേഷം വഴിയാത്രക്കാരനെയും ഇടിച്ചിട്ടു. ഇന്നു ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദിരം ജംങ്ഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റ വഴിയാത്രക്കാരന്‍ മന്ദിരം സബ് സ്റ്റേഷന് സമീപം താമസിക്കുന്ന മുഹമ്മദ് റഹിം (70) റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഓടിച്ചിരുന്ന പുതുശേരിമല സ്വദേശി റെയ്ച്ചല്‍ മനോജിനെ ചികിത്സ നല്‍കി വിട്ടയച്ചു. ലോറി ഡ്രൈവര്‍ ഉറങ്ങിയപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട ദിശയില്‍ നിന്നെത്തിയ ലോറി റാന്നി ഭാഗത്തു നിന്നെത്തിയ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്നോട്ടു നീങ്ങിയ കാര്‍ ക്രാഷ് ബാരിയറിലും ഇടിച്ചു നിരങ്ങി നിന്നു. അപകടം നടന്ന സ്ഥലത്തെ ലോട്ടറി കടയുടെ സമീപത്തു നിന്നയാളാണ് അപകടത്തില്‍ പരിക്കേറ്റ റഹിം. സംസ്ഥാന പാതയില്‍ വലിയ വളവില്ലാത്തതും വീതിയേറിയതുമായ ഭാഗത്താണ് അപകടം നടന്നത്. സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ വികസിപ്പിച്ച ശേഷം അപകടങ്ങള്‍ തുടര്‍ക്കഥയാണ്. റാന്നി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.