റാന്നി: പെരുനാട് മുണ്ടൻമല ഭാഗത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം അഡ്വ.പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി അധികൃതരുടെയും യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രവൃത്തികൾ ആരംഭിച്ചത്. കുടിവെള്ളക്ഷാമത്തിന് പരിഹാരം അടിയന്തിരമായി കാണുന്നതിനു വേണ്ടിയാണ് എംഎൽഎ യോഗം വിളിച്ചു ചേർത്തത്. കേരള വാട്ടർ അതോറിറ്റി അടൂർ പ്രൊജക്റ്റ് നിർമിക്കുന്ന പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതിയുടെ പൈപ്പുമായി അടുത്ത ദിവസം തന്നെ ബന്ധിപ്പിച്ച് മുണ്ടൻമല ഭാഗത്ത് കുടിവെള്ളം എത്തിക്കുമെന്ന് അധികൃതർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.
റാന്നി പഞ്ചായത്തിലെ പാറയ്ക്കൽ കോളനി, എട്ടാം വാർഡ് എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്നം യോഗത്തിൽ ചർച്ച ചെയ്തു. ഇവിടങ്ങളിലേക്ക് ഇടാൻ ജിഐ പൈപ്പുകൾ എത്താത്തതാണ് പ്രവൃത്തികൾ ആരംഭിക്കാൻ വൈകുന്നത് എന്നായിരുന്നു ജല വിഭവ വകുപ്പ് അധികൃതരുടെ വാദം. അടൂർ പ്രൊജക്റ്റ് ഡിവിഷനിൽ നിന്നും ഇവിടങ്ങളിലേക്ക് ജി ഐ പൈപ്പ് ഇറക്കി അടിയന്തിരമായി പണി ആരംഭിക്കാൻ എംഎൽഎ നിർദേശം നൽകി. ഉയർന്ന പ്രദേശമായ പൂവൻമല – പുറംപാറതടം ഭാഗത്ത് കുടിവെള്ളം എത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനായി സ്ഥലം സന്ദർശിക്കുന്നതിന് ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ എംഎൽഎ ചുമതലപ്പെടുത്തി.
അങ്ങാടി കുടിവെള്ള പദ്ധതിയുടെ കിണറിന്റെ ഭാഗത്ത് ജനലഭ്യത ഉറപ്പാക്കുന്നതിനായി ചാല് കീറുന്നത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞദിവസം ആരംഭിച്ചു. പമ്പ് ഹൗസുകളിൽ പകരമുള്ള മോട്ടോറുകൾ അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടി അറ്റകുറ്റപ്പണി ചെയ്തുവെയ്ക്കാനും തീരുമാനമായി. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ബംഗ്ലാംകടവ് കോലിഞ്ചി ഭാഗം, തലച്ചിറ മുക്കുഴി എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള അപാകതകൾ പരിഹരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. വാൽവ് ഓപ്പറേറ്റർമാർ കൃത്യമായി ജലവിതരണത്തിന് സമയക്രമം പാലിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. വാൽവ് ഓപ്പറേറ്റർമാർ തങ്ങൾക്ക് താല്പര്യമുള്ള ഭാഗങ്ങളിലേക്ക് മാത്രം സ്ഥിരം വെള്ളം തുറന്നു വിടുന്നതായി പരാതി ഉണ്ടെന്നും ഇത് പരിശോധിച്ചു കർശന നടപടി സ്വീകരിക്കണമെന്നും എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയാത്ത മേഖലകളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തുകൾ ജില്ലാ കളക്ടറുടെ അനുമതി വാങ്ങുന്ന നടപടികൾ വേഗത്തിൽ ആക്കാനും യോഗത്തിൽ തീരുമാനമായി. ഓരോ പ്രദേശത്തെയും കുടിവെള്ള പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡൻ്റു മാരായ ലതാ മോഹൻ, ബിന്ദു വളയനാട്ട്, ഉഷാ ഗോപി, കെ ആർ പ്രകാശ്, സൂപ്രണ്ടിംഗ് എൻജിനീയർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.