രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ എസ്‌യുവി, ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വിപണിയില്‍ എത്താനൊരുങ്ങുന്ന പുതുതലമുറ ബൊലേറോയും സ്കോർപിയോയും പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി അവതരിപ്പിച്ചേക്കും എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇKUV100 ഇലക്ട്രിക് മിനി എസ്‌യുവി, ഇXUV300 ഇലക്ട്രിക് സബ് കോംപാക്‌ട് എസ്‌യുവി മോഡലുകൾ അടുത്ത വർഷത്തേക്കായി വിപണിയിൽ എത്തിക്കാനും കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനിയെ വരാനിരിക്കുന്ന CAFA (കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കണോമി), RDE (റിയൽ ഡ്രൈവിംഗ് എമിഷൻ) മാനദണ്ഡങ്ങൾ എന്നിവ പാലിക്കാൻ സഹായിക്കും. ഇത് 2022 മുതൽ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
തലമുറ മാറ്റത്തോടെ ബൊലേറോ പുതിയ ഥാർ എസ്‌യുവിക്ക് അടിവരയിടുന്ന പുതിയ ലാഡർ ഓൺ ഫ്രെയിം ചാസിയിലേക്ക് മാറും. 2022 സ്കോർപിയോയിലും ഇതേ പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുക. 2.2 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ബൊലോറോയുടെ പുതിയ മോഡൽ വാഗ്ദാനം ചെയ്യുമെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുത്തന്‍ തലമുറ സ്കോർപിയോ അടുത്ത വർഷം തുടക്കത്തിൽ വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.