റാന്നി: പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് കർഷകർക്ക് അനുമതി നൽകുന്നതിന് ആവശ്യമായ നിയമ മാറ്റം ഉടൻ പ്രാവർത്തികമാകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. റവന്യൂ – വനം വകുപ്പുകൾ സംയുക്തമായി നടത്തിയ ചർച്ചകളുടെ തീരുമാനങ്ങൾ അന്തിമഘട്ടത്തിലാണ്. ‘നിയമസഭയിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയോര മേഖലയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനാകാത്തത് കർഷകർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിലും വിവാഹ ആവശ്യങ്ങൾക്കും വീട് വെയ്ക്കുന്നതിനും ഒരു മരം മുറിക്കാം എന്നുവെച്ചാൽ അതിന് അനുമതി ഇല്ല.
താമസസ്ഥലങ്ങൾക്ക് മുകളിലേക്ക് അപകടാവസ്ഥയിൽ ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ പോലും മുറിച്ചു മാറ്റുന്നതിന് നിയമത്തിന്റെ നൂലുകൾ വലുതാണ്. നട്ടുവളർത്തിയ വൃക്ഷങ്ങൾ മുറിച്ചതിന് ആയിരക്കണക്കിന് കർഷകരുടെ പേര് വനവകുപ്പ് കേസും എടുത്തിട്ടുണ്ട്. നിയമ ഭേദഗതി വരുംവരെ മരങ്ങൾ മുറിക്കുന്നവർക്കെതിരെ കേസ് എടുക്കരുത് എന്ന എംഎൽഎയുടെ അഭ്യർത്ഥന പരിശോധിച്ച് പരിഗണിക്കാം എന്ന് മന്ത്രി നിയമ സഭയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. നട്ടു വളർത്തിയ മരങ്ങളുടെ അവകാശം കർഷകർക്ക് തന്നെ ലഭിക്കുന്ന രീതിയിൽ നിയമഭേദഗതി ചെയ്യുവാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജനും നിയമസഭയിലേക്ക് ഉറപ്പുനൽകി.