തൃശ്ശൂർ : അരിമ്പൂരിൽ പാടത്തേക്ക് വരികയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീൻ പ്രതികരിച്ചു. പാടത്തെ കൊയ്ത്ത് മുടങ്ങില്ല. കുറ്റക്കാരായ പോലീസുകാർക്കെതിരെ അന്വേഷണശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയാണ് തൊഴിലാളികളെ പോലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചത്. കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്കാണ് പോലീസിന്റെ മർദ്ദനം ഏറ്റത്. മതിയായ രേഖകൾ കാണിച്ചിട്ടും പോലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങുമെന്ന സ്ഥിതിയായി.
പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. കുമരേശൻ, ശക്തി, വെങ്കിടേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വലപ്പാട് എസ്‌ഐ വിക്രമന്റെ നേതൃത്വത്തിലാണ് തങ്ങളെ മർദ്ദിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്. പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.