കോഴിക്കോട്: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ ‘പോഷണ്‍ മാഹ്’ന്‍റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അങ്കണവാടി കുട്ടികള്‍ക്കായി ‘ബാല്യസ്പന്ദനം’ ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.






























