തിരുവനന്തപുരം: കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്. ചിറയിൻകീഴിലെ കയ്യാങ്കളി അന്വേഷിക്കുന്ന എംഎം ഹസ്സൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചു. പാളയം പ്രദീപിനെ ഒഴിവാക്കിയാണ് രമ്യ ഇന്ന് മണ്ഡലത്തിലെത്തിയത്. അതേസമയം പ്രശ്നത്തിൽ കൂടുതൽ ശക്തമായ നടപടികൾക്ക് ഇനിയും സാധ്യതയുണ്ട്. പാർട്ടിയെ വെല്ലുവിളിച്ച രമ്യ കെപിസിസി കടുപ്പിച്ചതോടെ അനുനയ പാതയിലാണ്. കയ്യാങ്കളിക്ക് ശേഷം ആദ്യമായി ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തിയത് പാളയം പ്രദീപ് ഇല്ലാതെയാണ്.
പ്രാദേശിക-സംസ്ഥാന നേതൃത്വങ്ങളുടെ എതിർപ്പ് മൂലമാണ് പ്രദീപിനെ ഒഴിവാക്കൽ എന്നാണ് വിവരം. ദില്ലിക്ക് പോയെന്ന് പറഞ്ഞ് ഹസ്സൻ സമിതിക്ക് മുന്നിൽ നേരിട്ടെത്താതെ പാലക്കാടായിരുന്ന രമ്യ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തി. ഹസൻ ആവശ്യപ്പെട്ട പ്രകാരമായിരുന്നു തെളിവെടുപ്പ്. പ്രാദേശിക നേതാക്കളുമായുള്ള പ്രശ്നങ്ങൾ രമ്യ പരാതിയായി ഉന്നയിച്ചെന്നാണ് വിവരം. എന്നാൽ രമ്യക്കും പ്രദീപിനുമെതിരായ പരാതി പ്രളയം സമിതിക്ക് മുന്നിൽ നേരത്തെയുണ്ട്.































