കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 207 ഒഴിവുകളിൽ അഞ്ചുവർഷത്തെ താൽക്കാലിക നിയമനവും 35 ഒഴിവുകളിൽ സ്ഥിരനിയമനവുമാണ്. 35 ട്രേഡ് ഫിനാൻസ് ഓഫീസർസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫീസർ (ഐബിജി) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജെഎംജിഎസ്.-I ശമ്പള സ്‌കെയിലുള്ള തസ്തികയിൽ 14 ഒഴിവും എംഎംജിഎസ്-II ശമ്പള സ്‌കെയിലുള്ള തസ്തികയിൽ 21 ഒഴിവുമുണ്ട്. സ്ഥിരനിയമനമാണ്. കൊൽക്കത്തയിലും ഹൈദരാബാദിലുമാണ് നിയമനം.
ശമ്പളം: ജെഎംജിഎസ്-I തസ്തികയിൽ 48,480- 85,920 രൂപ, എംഎംജിഎസ്-II തസ്തികയിൽ 64,820-93,960 രൂപ എന്നിങ്ങനെയാണ് ശമ്പള സ്‌കെയിൽ. യോഗ്യത: ബിരുദം. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ ഓഫീസർ/ഒഫിഷ്യൽ തസ്തികകളിൽ പ്രവൃത്തിപരിചയം വേണം. ജെഎംജിഎസ്-I തസ്തികയിലേക്ക് അപേക്ഷിക്കാൻ ഒരു വർഷവും എംഎംജിഎസ്-II തസ്തികയിലേക്ക് അപേക്ഷിക്കാൻ മൂന്ന് വർഷവുമാണ് പ്രവൃത്തിപരിചയം വേണ്ടത്. പ്രായം: ജെഎംജിഎസ്-I തസ്തികയിലേക്ക് 32 വയസും എംഎംജിഎസ്-II തസ്തികയിലേക്ക് 35 വയസുമാണ് ഉയർന്ന പ്രായം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പ്രായം, യോഗ്യത എന്നിവ 31.07.2026 അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക.
അപേക്ഷാഫീസ്: 750 രൂപ ഓൺലൈനായി അടയ്ക്കണം. എസ്‌സി., എസ്ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 19. വിശദവിവരങ്ങൾക്ക് https://sbi.bank.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 207 സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർസ്‌പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 207 ഒഴിവുകളാണുള്ളത്. ഇതിൽ 24 ഒഴിവ് തിരുവനന്തപുരം സർക്കിളിലാണ്. തുടക്കത്തിൽ അഞ്ചു വർഷത്തേക്കാണ് കരാർ നിയമനം. പ്രവൃത്തിപരിചയമുള്ളവർക്ക് അവസരം. തിരുവനന്തപുരം സർക്കിളിൽ റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്) – 3, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് – 1, വിപി വെൽത്ത് – 7, എവിപി വെൽത്ത് – 13 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിപി വെൽത്ത്: ഒഴിവ് – 94. വാർഷിക ശമ്പളം: 30.20 ലക്ഷം രൂപ. യോഗ്യത: ബിരുദവും സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 26-42 വയസ്. എവിപി വെൽത്ത്: ഒഴിവ് – 73. വാർഷിക ശമ്പളം: 30.20 ലക്ഷം രൂപ. യോഗ്യത: ബിരുദവും സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. എസ്ബിഐ വെൽത്ത് കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവുകൾക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായം: 23-35 വയസ്.


































