ഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് കെട്ടിട ഉടമയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കോൺട്രാക്ടറെ ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. സുധാംശുവിന്റെ കൂട്ടാളിയായ ശുഭത്തിനെയാണ് ഇനി പിടികൂടാനുള്ളത്. ഇതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പിജി, ഹോസ്റ്റൽ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനായി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഡൽഹി സർക്കാർ. ഇതിനായി പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ലോക്കൽ പോലീസിൽ നിന്നുള്ള ക്ലിയറൻസും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ(എംസിഡി) നിന്നുള്ള എൻഒസിയും നിർബന്ധമാക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തും. വിദ്യാർഥികൾക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനും വിവരങ്ങൾ ലഭ്യമാക്കാനുമായി പ്രത്യേക പോർട്ടലും സർക്കാരിന്റെ പരിഗണനയിലുണ്ട്.
അടുത്ത രണ്ട് മാസത്തിനകം നിയമനിർമാണത്തിന് അന്തിമ രൂപം നൽകാനാണ് ഡൽഹി സർക്കാരിന്റെ നീക്കം. സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന നിർദേശവും ഉടൻ പ്രാബല്യത്തിൽ വരും. നഗരത്തിൽ ഏകദേശം രണ്ട് ലക്ഷത്തോളം മുറികളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ താമസിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവരെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ അധികൃതരുടെ പക്കലില്ല. ഇത് കണക്കിലെടുത്ത് നഗരത്തിലെ മുഴുവൻ പെയിങ് ഗസ്റ്റ് കേന്ദ്രങ്ങളിലും വ്യാപക സർവേ നടത്താൻ എംസിഡി ഒരുങ്ങുകയാണ്.































