തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും തമ്മിലുള്ള തർക്കത്തിൽ വലഞ്ഞ് മോട്ടോർവാഹനവകുപ്പ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും തടസ്സപ്പെട്ടിട്ട് രണ്ടുവർഷത്തിലേറെയായി. നാല് ആർ.ടി.ഒ.മാരുടെയും 14 ജോയിന്റ് ആർ.ടി.ഒ.മാരുടെയും 74 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മേൽത്തട്ടിലെ തർക്കത്തിനിടയിൽ വകുപ്പുതല അച്ചടക്കനടപടികളും അട്ടിമറിക്കപ്പെട്ടു. നികുതിവെട്ടിപ്പിന് ട്രാൻസ്പോർട്ട് കമ്മിഷണർ കുറ്റക്കാരനെന്ന് കണ്ടെത്തിയ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യെ സസ്പെൻഡ് ചെയ്തത് രണ്ടുമാസത്തിനുശേഷമാണ്.
ടെസ്റ്റിന് ഹാജരാകാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയ 15 ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തർക്കത്തിനിടയിൽ കുടുങ്ങി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെപേരിൽ ഇരുവർക്കുമിടയിൽ തുടങ്ങിയ തർക്കം വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നവിധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മന്ത്രിയും കമ്മിഷണറും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതിയും അനിശ്ചിതത്വത്തിലായി.