മലപ്പുറം : ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി കെ.ടി ജലീല്‍ വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തലസ്ഥാനത്തേക്ക് പുറപ്പെട്ടു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മന്ത്രിയെ കരിങ്കൊടി കാണിച്ചു.
പറയാനുളളത് ഫേയ്‌സ്ബുക്കില്‍ സംസാരിക്കുമെന്ന് ഇടയ്ക്ക് വഴിയില്‍ ഇറങ്ങി മന്ത്രി കെ.ടി ജലീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എങ്ങോട്ടാണ് യാത്രയെന്ന ചോദ്യത്തിനും മറുപടിയില്ല. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി. തുടര്‍ന്നും പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിയുമായി റോഡില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.