തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചെന്ന പ്രതിപക്ഷ അവകാശവാദം പൊള്ളയാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. 2011 – 15 വരെ മൂന്നുതവണ പെട്രോള്‍ നികുതി കുറച്ചെങ്കില്‍ 13 തവണയാണ് വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 2011ല്‍ 26.64 ശതമാനമായിരുന്നു നികുതി. 2015 ല്‍ 31.8 ശതമാനമായി. ഡീസലില്‍ 22.6 ല്‍ നിന്നും 24.52 ആയി. നികുതിയിളവായി 620 കോടി നല്‍കിയപ്പോള്‍ നാലിരട്ടിയാണ് കൂടുതലായി പിരിച്ചെടുത്തത്. അഞ്ചുവര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിക്കാതെ ഒരു തവണ കുറച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ 509 കോടി രൂപ നികുതിയിളവ് നല്‍കി. പെട്രോളിന്റെ വില വര്‍ധന കൂടെ കണക്കാക്കിയാല്‍ ഇത് 1500 കോടി. നികുതി വരുമാനത്തിലും വ്യത്യാസമുണ്ട്.
യുഡിഎഫിന്റെ കാലത്ത് 94 ശതമാനം വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫ് കാലത്ത് (2016 – 20) 15 ശതമാനം വര്‍ധനമാത്രം. പെട്രോള്‍ ഡീസല്‍ നികുതി ഘടനയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ പരിഷ്കാരം പിന്‍വലിക്കണമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. 2018 – 19 ല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാചകവാതക വില 485.92 ഡോളറില്‍ (മെട്രിക് ടണ്ണിന്) നിന്ന് 526 ഡോളര്‍ (എട്ട് ശതമാനം വര്‍ധന). ഇന്ത്യയില്‍ പാചകവാതക വില 653.46 രൂപയില്‍നിന്ന് 768.12 രൂപയായി (17.55 ശതമാനത്തിന്റെ വര്‍ധന). ജിഎസ്ടി നിരക്ക് മാറ്റിയിട്ടുമില്ല. എട്ടു ശതമാനം ലാഭം കമ്പനികള്‍ക്ക്.
പാചകവാതകത്തിന് വില കുറയ്ക്കണമെന്നും സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ പാവങ്ങള്‍ക്ക് പാചകവാതകം നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്വല്‍ യോജനയുടെ ഗുണഭോക്താക്കളും കൂടിയ വില നല്‍കാനാകാതെ സിലിണ്ടര്‍ ഉപേക്ഷിച്ചുവെന്നും കെ.വി സുമേഷിന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.