പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്. ആദ്യമായി നന്ദി പറയാൻ തോന്നിയതിന്‍റെ കാര്യ കാരണവും മന്ത്രി ഫേസ്ബുക്കിലൂടെ വിവരിച്ചു. കേരളത്തിന്‍റെ രണ്ട് അഭിമാന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞത് ചൂണ്ടികാട്ടിയാണ് എം ബി രാജേഷിന്‍റെ കുറിപ്പ്.
കേരളം മാതൃകയാണെന്ന് മോദി പറയുമ്പോൾ കേരളത്തിന്റെ ബദൽ നയങ്ങളും ബദൽ രാഷ്ട്രീയവും മാതൃകയാണ് എന്നുകൂടി അദ്ദേഹം സമ്മതിക്കുകയാണെന്നും ആ രാഷ്ട്രീയത്തെയും നയങ്ങളെയും ആസ്പദമാക്കിയുള്ള ഒരു ബദൽ ഇന്ത്യയിലാകെ ഉയർന്നുവരുമ്പോഴാണ് ഈ നേട്ടങ്ങൾ രാജ്യത്തിനുകൂടി സ്വന്തമാക്കാനാവുകയെന്നും രാജേഷ് കുറിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് കേരളത്തിന്റെ മികവും ബി ജെ പി മുന്നോട്ടുവെക്കുന്ന മാതൃകയുടെ പരാജയവും തുറന്നുകാണിക്കാനായി എന്നതിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന് നന്ദിയെന്നും എം ബി രാജേഷ് വ്യക്തമാക്കി.
എം ബി രാജേഷിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
ആദ്യമായി പ്രധാനമന്ത്രിക്ക് നന്ദി പറയാൻ തോന്നുകയാണ്. ഇന്നലെ കേരളത്തിന്റെ രണ്ട് അഭിമാന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. കേരളം ഇന്ത്യക്ക് മാതൃകയാണെന്ന്. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോക്കും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിനും തുടക്കം കുറിച്ചുകൊണ്ടാണ് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് മോദി പറഞ്ഞത്. ഡിജിറ്റൽ പാർക്കിനുള്ള 1136 .83 കോടി രൂപയും ഡിജിറ്റൽ പാർക്കിനുള്ള 1500 കോടി രൂപയും പൂർണമായും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. മറ്റ് പലപ്പോഴുമെന്നതു പോലെ ഇന്ത്യക്ക് വഴികാട്ടുന്ന രണ്ട് നൂതന പദ്ധതികളാണിവ. ഒരു മാസം മുമ്പ് കുടുംബശ്രീയുടെ ചടങ്ങിനെത്തിയ ബഹുമാന്യയായ രാഷ്ട്രപതി ദ്രൗപദി മുർമുവും കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച്, നാം രാജ്യത്തിനാകെ മാതൃകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ നരേന്ദ്ര മോദി കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് പറയുമ്പോൾ അതിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇതേ നരേന്ദ്ര മോദിയാണ് 2016 മെയ് മാസത്തിൽ കേരളത്തിൽ വന്ന് കേരളം സോമാലിയയേക്കാൾ മോശമാണെന്ന് പറയാനുള്ള ധൈര്യം കാണിച്ചത്. അദ്ദേഹത്തിനിപ്പോൾ ആ വാക്കുകൾ വിഴുങ്ങേണ്ടി വന്നിരിക്കുന്നു. ആ ആക്ഷേപം തിരുത്തിയിരിക്കുന്നു. കേരളം ഇന്ത്യക്കാകെ മാതൃകയാണെന്ന് ഒടുവിൽ മോദിയും സമ്മതിക്കുകയാണ്. ഇന്നത്തെ ദേശീയ പത്രങ്ങളിൽ വന്ന രണ്ട് വാർത്തകൾ കേരളം എങ്ങനെ ഇന്ത്യയുടെ മുന്നിൽ തലയുയർത്തിനിൽക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ്. അതിലൊന്ന് മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ സ്മാർട്ട് ക്‌ളാസ്സ്‌റൂം പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടാണ്. 145.5 കോടി രൂപ ക്ലാസ്സ്മുറികൾ സ്മാർടാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഗുജറാത്തിൽ സ്മാർടാക്കിയത് വെറും 430 ക്ലാസ്സ് മുറികളാണെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതേസമയം കേരളത്തിൽ കേന്ദ്രത്തിന്റെ ചില്ലിക്കാശ് സഹായമില്ലാതെ 45000 ക്‌ളാസ്സ്‌മുറികളാണ് എൽ ഡി എഫ് സർക്കാർ സ്മാർട്ട് ക്‌ളാസ് റൂമുകളാക്കി മാറ്റിയത് എന്നോർക്കുക. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇന്ത്യക്കാകെ മാതൃകയായതും ഡൽഹി സർക്കാർ അത് അവിടെ നടപ്പാക്കിയതും നമുക്ക് ഓർക്കാവുന്നതാണ്.
രണ്ടാമത്തെ വാർത്ത നീതി ആയോഗിന്റെ ഇന്നലെ പുറത്തിറക്കിയ ആരോഗ്യ റിപ്പോർട്ടിനെ സംബന്ധിച്ചാണ്. രാജ്യത്താകെ ആരോഗ്യമേഖലയിലെ സർക്കാർ ചെലവ് ജി ഡി പി അനുപാതത്തിൽ നോക്കിയാൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം കുറഞ്ഞിരിക്കുന്നുവെന്ന് നീതി ആയോഗ് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ആരോഗ്യ മേഖലയിലെ ഏറ്റവും ഉയർന്ന സർക്കാർ ചെലവ് (ജി ഡി പി അനുപാതത്തിൽ) കേരളത്തിലാണുള്ളത്. ബി ജെ പി ഭരിക്കുന്ന കർണാടകയിൽ അത് വെറും 0.9 ശതമാനം മാത്രമാണ്. കേരളത്തിൽ 1.1 ശതമാനം. ഇന്നലെ ദി ഹിന്ദു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രകടനത്തെക്കുറിച്ചുള്ള ഒരു സമഗ്രമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ദേശീയ കുടുംബാരോഗ്യ സർവേയിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്. അതിൽ കേരളം ഏറെക്കുറെ എല്ലാ സൂചികകളിലും ഒന്നാമത് നിൽക്കുമ്പോൾ ദക്ഷിണേന്ത്യയിൽ ആദ്യം താമര വിരിഞ്ഞ, നമ്മുടെ അയൽ സംസ്ഥാനമായ കർണാടക ഏറെക്കുറെ എല്ലാത്തിലും ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണെന്നോർക്കുക. ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. പ്രധാനമന്ത്രി തന്നെ ഒടുവിൽ സമ്മതിച്ചതുപോലെ കേരളം ഇന്ത്യക്കാകെ മാതൃകയായതിനും ഏതാണ്ട് കാൽ നൂറ്റാണ്ടായി ബി ജെ പി തുടർച്ചയായി ഭരിക്കുന്ന ഗുജറാത്തും ദക്ഷിണേന്ത്യയിൽ ആദ്യം താമര വിരിഞ്ഞ കർണാടകയും മാതൃകയാക്കാൻ പറ്റാത്തവിധം പിന്നണിയിൽ നിൽക്കുന്നത്തിനും ഒരു കാരണമുണ്ട്. ആ കാരണം കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം ഉറച്ച മതനിരപേക്ഷ ബോധവും ജനങ്ങൾ തമ്മിലുള്ള ഐക്യവും ഇടതുപക്ഷത്തിന്റെ ബദൽ നയങ്ങളുമാണ്. ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ മാതൃകകൾ പരാജയപ്പെട്ടും മുഖംമൂടി പിച്ചിച്ചീന്തപ്പെട്ടും ജനങ്ങളുടെ മുന്നിൽ നിൽക്കുന്നതിന് കാരണം ബി ജെ പിയുടെ വർഗീയ രാഷ്ട്രീയമാണ്. അതുകൊണ്ട് കേരളം മാതൃകയാണെന്ന് മോദി പറയുമ്പോൾ കേരളത്തിന്റെ ബദൽ നയങ്ങളും ബദൽ രാഷ്ട്രീയവും മാതൃകയാണ് എന്നുകൂടി അദ്ദേഹം സമ്മതിക്കുകയാണ്. ആ രാഷ്ട്രീയത്തെയും നയങ്ങളെയും ആസ്പദമാക്കിയുള്ള ഒരു ബദൽ ഇന്ത്യയിലാകെ ഉയർന്നുവരുമ്പോഴാണ് ഈ നേട്ടങ്ങൾ രാജ്യത്തിനുകൂടി സ്വന്തമാക്കാനാവുക. പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് കേരളത്തിന്റെ മികവും ബി ജെ പി മുന്നോട്ടുവെക്കുന്ന മാതൃകയുടെ പരാജയവും തുറന്നുകാണിക്കാനായി എന്നതിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന് നന്ദി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033