ബെംഗളൂരു: നഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി. കർണാടകയിലെ കോൺഗ്രസ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് കോൺഗ്രസ് സർക്കാരിന്റെ പുതിയ നീക്കത്തിനെതിരേ രംഗത്തെത്തിയത്. വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തും നൽകി.ബെംഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് എന്ന പേരിൽ ഒരുവർഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിർദേശം.
ഹാച്ച് ബാക്ക് കാറുകൾക്ക് ഒരുവർഷം 15,000 രൂപയും സെഡാനുകൾക്ക് ഒരുവർഷം 20,000 രൂപയും എസ്.യു.വികൾക്ക് ഒരുവർഷം 25,000 രൂപയും പാർക്കിങ് ഫീസായി ഈടാക്കണമെന്നും നിർദേശമുണ്ടായി. നഗരത്തിലെ അനധികൃത പാർക്കിങ്ങും റോഡുകൾ കൈയേറി ദീർഘനാളത്തേക്ക് പലരും വാഹനം നിർത്തിയിടുന്നതും തടയാനായിരുന്നു ഈ നീക്കം. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നും പറഞ്ഞിരുന്നു. അതേസമയം പാർക്കിങ് ഫീസ് ഈടാക്കാനുള്ള പുതിയ നിർദേശം നഗരത്തിൽ താമസിക്കുന്ന മധ്യവർഗ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ അഭിപ്രായം. നഗരത്തിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ അനധികൃത പാർക്കിങ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ഇതിനായി വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം മധ്യവർഗക്കാരെയും സാധാരണക്കാരെയും ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.































