തിരുവനന്തപുരം: അപൂര്‍ണ ഭവനങ്ങളുടെ പൂര്‍ത്തീകരണ പദ്ധതിയായ സേഫില്‍ പട്ടികവിഭാഗങ്ങള്‍ക്കായി പുതുതായി 10,000 വീടുകള്‍ അനുവദിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിയമസഭയെ അറിയിച്ചു. ഇതിനു പുറമേ 6,000 പഠനമുറികളും അനുവദിക്കുമെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി. നിലവിലുള്ള സംരംഭങ്ങള്‍ക്ക് അധിക സഹായമായി 10 ലക്ഷം രൂപ നല്‍കുന്ന ‘സമൃദ്ധി കേരളം’ പദ്ധതിയില്‍ 1000 സംരംഭങ്ങളും ആരംഭിക്കും.
50,000 അഭ്യസ്തവിദ്യര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴിലുറപ്പാക്കും. ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വിവിധ മേഖലകളില്‍ തൊഴിലുറപ്പാക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് രൂപീകരിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങളും സാര്‍വദേശീയ അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിന് അന്താരാഷ്ട്ര കോണ്‍ക്ലേവും ദേശീയ ട്രൈബല്‍ ഫെസ്റ്റിവലും സംഘടിപ്പിക്കും.